ഇത് 'നാടൻ ടെസ്‌ല'; ഒരു ലക്ഷം രൂപയ്ക്ക് അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് ജീപ്പുമായി യുവാവ്
ട്യൂബ്‌ലെസ് ടയറുകൾ, സ്പീഡോമീറ്റർ, പവർ സ്റ്റിയറിംഗ് എന്നീ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ള ജീപ്പിൽ കാർഷിക ഉൽപ്പന്നങ്ങൾ കൊണ്ടുപോകാൻ ഒരു ട്രോളി കൂടി ഇതിൽ ഘടിപ്പിക്കാം

- Updated:
2026-01-08 11:05:19.0

പട്‌ന: ഒരു ലക്ഷം രൂപ ചിലവിൽ 18 ദിവസം കൊണ്ട് അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് ജീപ്പ് ഉണ്ടാക്കി ശ്രദ്ധേയനായിരിക്കുകയാണ് ബിഹാർ പൂർണിയ സ്വദേശിയായ മുർഷിദ് ആലം. വലക്കുന്ന ഇന്ധനവിലക്കിടയിൽ മുർഷിദ് ആലം ഉണ്ടാക്കിയ ജീപ്പിനെ 'നാടൻ ടെസ്‌ല' എന്നാണ് നാട്ടുകാർ വിളിക്കുന്നത്. അഞ്ച് മണിക്കൂർ ചാർജ് ചെയ്താൽ 100 കിലോ മീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുമെന്നാണ് മുർഷിദ് ആലം പറയുന്നത്.
ട്യൂബ്‌ലെസ് ടയറുകൾ, സ്പീഡോമീറ്റർ, പവർ സ്റ്റിയറിംഗ് എന്നീ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ള ജീപ്പിൽ കാർഷിക ഉൽപ്പന്നങ്ങൾ കൊണ്ടുപോകാൻ ഒരു ട്രോളി കൂടി ഇതിൽ ഘടിപ്പിക്കാം. വലിയ എഞ്ചിനീയറിംഗ് ബിരുദങ്ങളൊന്നുമില്ലാത്ത മുർഷിദ് ആലം ഒരു ചെറിയ വർക്ക്ഷോപ്പ് നടത്തിയാണ് ഈ വാഹനം വികസിപ്പിച്ചത്. പെട്രോൾ, ഡീസൽ വിലവർദ്ധനവിനെ എങ്ങനെ മറികടക്കാം എന്ന ചിന്തയാണ് ഇലക്ട്രിക് ജീപ്പിന്റെ നിർമ്മാണത്തിലേക്ക് നയിച്ചതെന്ന് മുർഷിദ് ആലം പറയുന്നു.
ഇത് സമാനമായ രീതിയിൽ ആക്രി സാധനങ്ങൾ ഉപയോഗിച്ച് 40,000 രൂപ ചിലവിൽ തെലങ്കാന സ്വദേശി ഉണ്ടാക്കിയ ഇലക്ട്രിക് വാഹനങ്ങളും മുമ്പ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. തെലങ്കാന സ്വദേശിയായ 17 കാരിയായ സ്പൂർത്തിയാണ് രണ്ട് മാസങ്ങൾക്ക് മുമ്പ് സ്‌ക്രാപ്പ് ഉപയോഗിച്ച് ഇലക്ട്രിക് വാഹനം നിർമ്മിച്ചത്. ഇന്ധന വില ഗ്രാമങ്ങളിലെ സാധാരണക്കാരെ വല്ലാതെ പ്രയാസപ്പെടുത്തുന്ന കാലത്താണ് ഇത്തരം വാഹനങ്ങളുടെ നിർമ്മാണം വലിയ ശ്രദ്ധ നേടുന്നത്.
Adjust Story Font
16
