ഇന്ത്യൻ യുദ്ധവിമാനം തേജസ് ദുബൈയിൽ തകർന്നുവീണു; പൈലറ്റ് മരിച്ചു
ദുബൈ എയർഷോക്കിടെയാണ് അപകടം

ദുബൈ: ഇന്ത്യയുടെ തേജസ് യുദ്ധവിമാനം ദുബൈയിൽ തകർന്ന് വീണ് പൈലറ്റ് മരിച്ചു. ദുബൈ എയർഷോയിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെ ഇന്ന് ഉച്ചക്കാണ് അപകടം. സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെ തുടർന്ന് ദുബൈ എയർഷോ നിർത്തിവെച്ചു. ദുബൈ എയർഷോയിൽ പ്രാദേശിക സമയം ഇന്ന് ഉച്ചക്ക് 2:10 നാണ് അഭ്യാസപ്രകടനം ആസ്വദിക്കാൻ തടിച്ച് കൂടിയവരെ നടുക്കി ഇന്ത്യയുടെ തേജസ് യുദ്ധവിമാനം താഴേക്ക് പതിച്ചത്.
വ്യോമസേനയുടെ സൂര്യകിരൺ വിമാനങ്ങൾക്ക് ശേഷം മൂന്നാമതായാണ് തേജസ് വിമാനത്തിന്റെ അഭ്യാസപ്രകടനം നിശ്ചയിച്ചിരുന്നത്. പ്രകടനത്തിനായി ഉയർന്ന് പൊങ്ങി ആകാശത്ത് വട്ടമിട്ട പിന്നീട് വിമാനം നിയന്ത്രണംവിട്ട് താഴേക്ക് പതിച്ച് തീഗോളമായി മാറി. അപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടതായി വ്യോമേസനയും സ്ഥീരികരിച്ചിട്ടുണ്ട്.
ദുബൈ എയർഷോ ആരംഭിച്ചതിന് തൊട്ടുപിന്നാലെ തേജസ് വിമാനത്തിന്റെ സുരക്ഷ സംബന്ധിച്ച് വിവാദം ഉടലെടുത്തിരുന്നു. വിമാനത്തിന് എണ്ണ ചോർച്ചയുണ്ട് എന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. എന്നാൽ ഈ ആരോപണം നിഷേധിച്ച കേന്ദ്രസർക്കാർ വിമാനത്തിൽ കട്ടിപിടിച്ചുനിൽക്കുന്ന വെള്ളം ചോർത്തികളയുന്ന നടപടി ദുർവാഖ്യാനം ചെയ്തു എന്നാണ് വിശദീകരിച്ചത്. തേജസ് വിമാനം തകർന്ന് വീണതിനെ തുടർന്ന് ദുബൈ എയർഷോയുടെ അവസാനദിവസം നടക്കേണ്ടിയിരുന്ന മറ്റ് പരിപാടികൾ റദ്ദാക്കി. കാണികളേയും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വിമാനം തകർന്ന് വീഴാനുള്ള കാരണം സംബന്ധിച്ച അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
Adjust Story Font
16

