കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് മത്സരിച്ച തിരുവല്ല സീറ്റ് ബി.ജെ.പി ഏറ്റെടുക്കുമെന്ന് സൂചന
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കഴിഞ്ഞ തവണ മത്സരിച്ച കോന്നി സീറ്റ് പകരം നല്‍കിയാവും തിരുവല്ല ഏറ്റെടുക്കുക

കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് മത്സരിച്ച തിരുവല്ല സീറ്റ് ബി.ജെ.പി ഏറ്റെടുക്കുമെന്ന് സൂചന. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കഴിഞ്ഞ തവണ മത്സരിച്ച കോന്നി സീറ്റ് പകരം നല്‍കിയാവും തിരുവല്ല ഏറ്റെടുക്കുക. അതേസമയം കെ.സുരേന്ദ്രൻ കോന്നിയില്‍ തന്നെ വീണ്ടും മത്സരിക്കുകയാണെങ്കിൽ നിലവിലെ സ്ഥിതി തന്നെ തുടരും.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ആറു ശതമാനത്തില്‍ നിന്നും 21 ശതമാനമായി വോട്ട് വര്‍ധിച്ചതാണ് തിരുവല്ലയിലേക്ക് കണ്ണുവെക്കുവാന്‍ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്. മധ്യകേരളത്തില്‍ മലങ്കര സഭകളുടെ സ്വാധീന മേഖലയായ തിരുവല്ലയില്‍ മുന്നണിക്കുണ്ടായ വളര്‍ച്ച ഭാവിയിലേക്ക് ഉപകാരപ്പെടുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. തിരുവല്ലക്ക് പകരം എസ്.എന്‍.ഡി.പിക്ക് സ്വാധീനമുള്ള കോന്നി സീറ്റ് ബി.ഡി.ജെ.എസിന് നല്‍കാനാണ് ബി.ജെ.പി നേതാക്കള്‍ ആലോചിക്കുന്നത്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കോന്നിയോടുള്ള താത്പര്യം പരിഗണിച്ച് കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം കൂടി അറിഞ്ഞ ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.
ക്രിസ്ത്യന്‍ സ്വാധീന മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സഭകളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടാണ് ബി.ഡി.ജെ.എസില്‍ നിന്നും സീറ്റ് ഏറ്റെടുക്കാന്‍ നീക്കം നടത്തുന്നത്. ഇതിനായി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച് യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്‍റണിയുടെ നേതൃത്വത്തിലാണ് മണ്ഡലത്തിലെ പ്രവര്‍ത്തം മുന്നോട്ട് കൊണ്ടു പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും പദ്ധതികളും ജനങ്ങളിലെത്തിച്ച് 2026ല്‍ തിരുവല്ലയില്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള് വിലയിരുത്തുന്നത്.
അതേസമയം സീറ്റ് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ബി.ഡി.ജെ.എസ് കേന്ദ്രങ്ങളില്‍ കാര്യമായ എതിര്‍പ്പുകളില്ല. മാത്രമല്ല എസ്.എന്‍.ഡി.പി ശക്തമായ കോന്നിയില്‍ മത്സരിച്ചാല്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും കനത്ത ഭീഷണി ഉയര്‍ത്താനാകുമെന്നുമാണ് ബി.ഡി.ജെ.എസ് നേതാക്കളുടെ അഭിപ്രായം.
Adjust Story Font
16

