40 വര്‍ഷം, 341ാം സിനിമ; ഇന്ദ്രന്‍സിന് ജന്മദിന സമ്മാനമായി 'ഹോം' ടീസര്‍
സിനിമയുടെ അണിയറയില്‍ നിന്നാണ് ഇന്ദ്രന്‍സ് അരങ്ങിലെത്തിയത്

65ആം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ ഇന്ദ്രന്‍സിന് ജന്മദിന സമ്മാനവുമായി 'ഹോം' എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ഇന്ദ്രന്‍സ് മുഖ്യ കഥാപാത്രമായി എത്തുന്ന ഹോമിന്‍റെ ടീസര്‍ പുറത്തുവിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ജന്മദിനാശംസ നേര്‍ന്നത്.
ഇന്ദ്രന്‍സ് മലയാള സിനിമയിലെത്തിയിട്ട് 40 വര്‍ഷമായി. അദ്ദേഹം അഭിനയിച്ച 341ആം സിനിമയാണ് ഹോം. മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയാണ് ഇന്ദ്രന്‍സ്. സിനിമയുടെ അണിയറയില്‍ നിന്നാണ് അദ്ദേഹം അരങ്ങിലെത്തിയത്. തയ്യല്‍ക്കാരനായി ജോലി തുടങ്ങിയ അദ്ദേഹം സിനിമയില്‍ വസ്ത്രാലങ്കാര മേഖലയിലായിരുന്നു ആദ്യം. കോമഡി വേഷങ്ങളും ഗൌരവമേറിയ കഥാപാത്രങ്ങളുമെല്ലാം അദ്ദേഹത്തിന്‍റെ കയ്യില്‍ ഭദ്രമാണ്.

ആളൊരുക്കം എന്ന സിനിമയിലൂടെ 2018ല്‍ ഇന്ദ്രന്‍സ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. സിംഗപ്പൂര്‍ ചലച്ചിത്ര മേള ഉള്‍പ്പെടെ പല അന്താരാഷ്ട്ര മേളകളിലും അദ്ദേഹം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും ലാളിത്യം നിറഞ്ഞ ജീവിതശൈലി അദ്ദേഹം കൈവിടുന്നില്ല. കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ മാസ്ക് തുന്നി നല്‍കി മഹാമാരിക്കെതിരായ പോരാട്ടത്തില്‍ അണിനിരന്നു.
ഒടുവില്‍ അഭിനയിച്ച ഹോം എന്ന സിനിമയുടെ ടീസറില്‍ നിന്ന് വ്യക്തമാകുന്നത് അഭിനയ സാധ്യതയുള്ള കഥാപാത്രമാണെന്നാണ്. റോജിൻ തോമസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം പേര് പോലെ തന്നെ കുടുംബ പശ്ചാത്തലത്തിലുള്ളതാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമാണം.

ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വർഗീസ്, പ്രിയങ്ക നായർ, മിനോൺ തുങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 2013ൽ പുറത്തിറങ്ങിയ ഫിലിപ്സ് ആന്റ് മങ്കി പെൻ എന്ന ചിത്രത്തിന് ശേഷം അതേ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഛായാഗ്രഹണം- നീല്‍. രാഹുൽ സുബ്രഹ്മണ്യമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. എഡിറ്റിങ്- പ്രജീഷ് പ്രകാശ്.
Adjust Story Font
16

