Quantcast

രണ്ട് പതിറ്റാണ്ടായി ട്രംപ് നികുതിയടക്കാറില്ലെന്ന് റിപ്പോര്‍ട്ട്

MediaOne Logo

Jaisy

  • Published:

    30 Jan 2017 8:27 AM GMT

രണ്ട് പതിറ്റാണ്ടായി ട്രംപ് നികുതിയടക്കാറില്ലെന്ന് റിപ്പോര്‍ട്ട്
X

രണ്ട് പതിറ്റാണ്ടായി ട്രംപ് നികുതിയടക്കാറില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപ് വീണ്ടും വിവാദക്കുരുക്കില്‍. രണ്ട് പതിറ്റാണ്ടായി ട്രംപ് നികുതിയടക്കാതെ കബളിപ്പിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

1995ലെ വരുമാന നികുതി രേഖകളിൽ ട്രംപ് 91. 6 കോടി ഡോളർ നഷ്ടമുള്ളതായി കാണിച്ചിട്ടുണ്ടെന്നും ഇതിലൂടെ 18 വർഷമെങ്കിലും നികുതി ഇളവു നേടിയെടുത്തിരിക്കാമെന്നും ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ട്രംപ് നികുതി ഒഴിവാക്കാൻ നഷ്ടക്കണക്കുകൾ കൃത്രിമമായി സമർപ്പിച്ചുവെന്നാണ് ആരോപണം. 91. 6 കോടി ഡോളറിന്റെ നഷ്ടക്കണക്കു നൽകിയതിലൂടെ യുഎസിലെ നികുതി വ്യവസ്ഥകൾ പ്രകാരം പ്രതിവർഷം 5 കോടി ഡോളർ വരെ നികുതിയിളവു പരിധി 18 വർഷത്തേക്കു ലഭിച്ചിരിക്കാമെന്നാണ് ന്യൂയോർക്ക് ടൈംസ് ചുമതലപ്പെടുത്തിയ നികുതി വിദഗ്ധർ വിലയിരുത്തിയത്. നിയമവിരുദ്ധമായാണ് നികുതി രേഖകള്‍ സംഘടിപ്പിച്ചതെന്നും തെരെഞ്ഞെടുപ്പ് ക്യാമ്പയിന്‍ ദീര്‍ഘിപ്പിക്കാന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരിക്കുവേണ്ടി നടത്തുന്ന തന്ത്രമാണിതെന്നുമാണ് ട്രംപിന്റെ പ്രചാരകരുടെ പ്രതികരണം. ഹിലരിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച ന്യൂയോർക്ക് ടൈംസ് ഹിലറി ക്ലിന്റന്റെ പ്രചാരണ പത്രമായി മാറിയിരിക്കുകയാണെന്നും ട്രംപിന്റെ വക്താക്കൾ ആരോപിച്ചു. എന്നാല്‍, നികുതി രേഖകള്‍ വെളിപ്പെടുത്താന്‍ ട്രംപ് തയാറായില്ല. കഴിഞ്ഞ ദിവസം മുഖാമുഖ സംവാദത്തിൽ എതിർസ്ഥാനാർഥി ഹിലരി ക്ലിന്റൻ ആരോപണം ആവർത്തിച്ചിരുന്നു. ഹിലരി ക്ലിന്റണുമായുള്ള ആദ്യ സംവാദത്തില്‍ പിന്നാക്കം പോയതോടെ പ്രതിച്ഛായ തകര്‍ന്ന ട്രംപ് പുതിയ ആരോപണത്തില്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

TAGS :

Next Story