Quantcast

ശരീരം പിച്ചിച്ചീന്തിയവന്റെ കുഞ്ഞിനെ ഉദരത്തില്‍ ചുമക്കേണ്ടിവരുന്ന റോഹിങ്ക്യന്‍ പെണ്‍കുട്ടികള്‍

പ്രായം പോലും പരിഗണിക്കാതെ, സ്വന്തം കുടുംബാംഗങ്ങൾക്ക് മുന്നിലിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്തു അവളെ.

MediaOne Logo

Web Desk

  • Published:

    8 July 2018 11:24 AM GMT

ശരീരം പിച്ചിച്ചീന്തിയവന്റെ കുഞ്ഞിനെ ഉദരത്തില്‍ ചുമക്കേണ്ടിവരുന്ന റോഹിങ്ക്യന്‍ പെണ്‍കുട്ടികള്‍
X

കോക്സ് ബസാറിലെ റോഹിങ്ക്യന്‍ അഭയാർത്ഥി ക്യാമ്പിൽ മുളന്തണ്ടും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് കെട്ടിയുണ്ടാക്കിയ ഒറ്റമുറി വീട്ടിനുള്ളിൽ ഒമ്പത് മാസത്തോളം ലോകത്തിന് മുഖം കൊടുക്കാതെ, പകൽവെളിച്ചം കാണാതെ കഴിച്ചു കൂട്ടി അവൾ.

പതിമൂന്നു കവിയാത്ത കൊച്ചു ബാലികയായ അവളുടെ കണ്ണുകളിലിന്നും ഭീതി നിഴലിച്ചു കാണാം. കൃത്യം രണ്ടു മാസങ്ങൾക്കു മുമ്പാണ് മ്യാന്മാർ സൈന്യം രാഖീനിലെ അവളുടെ വീടിനുള്ളിലേക്ക് ഇരച്ചുകയറിയത്. പ്രായം പോലും പരിഗണിക്കാതെ, സ്വന്തം കുടുംബാംഗങ്ങൾക്ക് മുന്നിലിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്തു അവളെ. സംരക്ഷണം നൽകേണ്ടവർ സംഹാരകരാവുന്നതെത്ര ദയനീയമാണ്.

ഭീതി അവരെ മ്യാന്മറിൽ തുടരാൻ അനുവദിച്ചില്ല. ജന്മനാട്ടിൽ ഇരുട്ടിവെളുക്കുമ്പോഴേക്ക് അന്യരാക്കപ്പെട്ട അവർക്ക് അവിടം വിട്ടുപോവുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. കൊല്ലപ്പെടാതെ അവശേഷിച്ചവരെയും കൂട്ടി അവളുടെ കുടുംബം അതിർത്തി കടന്നു. ബംഗ്ലാദേശിലേക്ക്, ഭീതിയില്ലാത്ത ഒരു ജീവിതം സ്വപ്നം കണ്ടുകൊണ്ട്.

ബംഗ്ലാദേശിലെത്തിയതിന് ശേഷം അവളത് തിരിച്ചറിഞ്ഞു. തന്റെ മാസമുറ തെറ്റിയിരിക്കുന്നു. ഭയത്തിന്റെ ചിലന്തി വീണ്ടും അവളുടെ ഉള്ളിൽ ഇരുണ്ട വല കെട്ടാൻ തുടങ്ങി. മാനം പിച്ചിച്ചീന്തിയവന്റെ കുഞ്ഞിനെ തന്നെ ഉദരത്തിൽ ചുമക്കേണ്ടി വരുന്നതിനേക്കാൾ വലിയ ദുര്‍ഗതി മറ്റെന്തുണ്ട്. പക്ഷെ, ആ ബീജം അവളുടെ ഉദരത്തിൽ ഉറച്ചു കഴിഞ്ഞിരുന്നു, ഒരിക്കലും രക്ഷപ്പെടാനാവാതെ നിരാശയുടെ തടവറയിൽ അവളെ തളച്ചിട്ടുകൊണ്ട്.

പത്തു മാസങ്ങൾക്കു മുമ്പാണ് റോഹിങ്ക്യന്‍ മുസ്‍ലിംകൾക്കെതിരെ മ്യാന്മാർ സൈന്യം ക്രൂരമായ പീഡനങ്ങൾ അഴിച്ചുവിട്ടത്. റോഹിങ്ക്യന്‍ ഗ്രാമങ്ങൾ തീവെക്കപ്പെട്ടു. നിരവധി മനുഷ്യർ നിഷ്ഠൂരമായി കൊല്ലപ്പെട്ടു. സ്ത്രീകൾ ബലാത്സംഗങ്ങൾക്കിരയായി. അന്ന് സൈനികരാൽ മാനഹാനി നേരിട്ട പെണ്ണുങ്ങൾ ഇന്ന് അവരുടെ മാനം പിച്ചിച്ചീന്തിയവരുടെ തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു, ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ.

ഗർഭകാലം ഭീതിയുടെ കാലമായിരുന്നു അവർക്ക്. തങ്ങളുടെ മാനം നഷ്ടപ്പെടുത്തിയവരുടെ കുഞ്ഞുങ്ങളെ ഗർഭം ധരിക്കേണ്ടി വന്നതു കൊണ്ടു മാത്രമല്ല, ബലാത്സംഗത്തെ അത്രത്തോളം മോശമായി ആ ജനവിഭാഗം സമീപിക്കുന്നു എന്നത് കൊണ്ട് കൂടിയാണത്. അവരുടെ ദുരിതങ്ങൾ അവർക്കുള്ളിൽ തന്നെ കിടന്നു വിങ്ങി. പുറത്തു പറയാൻ കൊള്ളാവുന്നതായിരുന്നില്ല അവരുടെ വിശേഷങ്ങളൊന്നും. ചിലർ വിലകുറഞ്ഞ ഗുളികകൾ വിഴുങ്ങി ഗര്‍ഭമലസിപ്പിച്ചു. ചിലർക്കതിനുള്ള മനക്കരുത്തു പോലുമുണ്ടായിരുന്നില്ല. വേദന കടിച്ചമർത്തി കഴിഞ്ഞു കൂടി ആ പാവം സ്ത്രീകൾ. ബലാത്സംഗത്തിനിരയായത് മറ്റുള്ളവർ അറിയാതിരിക്കാൻ നിലവിളി ശബ്ദം പുറത്തു വരാതെ വായിൽ തുണി തിരുകി കുടിലുകൾക്കുള്ളിൽ തന്നെ കഴിച്ചു കൂട്ടിയവരും അനേകം.

ബംഗ്ലാദേശിലെ തിങ്ങിനിറഞ്ഞ ആ അഭയാർത്ഥി ക്യാമ്പിൽ തന്റെ ഗർഭം മറച്ചുവെക്കാൻ കഴിയില്ലെന്നുറപ്പായിരുന്നു ആ കൊച്ചു പെൺകുട്ടിക്ക്. പക്ഷെ, ആ കുഞ്ഞിന് ജന്മം നൽകിയാൽ പിന്നെയാരും തന്നെ വിവാഹം കഴിക്കാൻ തയ്യാറാവില്ലെന്നവൾ ഭയന്നു. ഗര്‍ഭമലസിപ്പിക്കാൻ അമ്മയുടെ കയ്യും പിടിച്ചു അടുത്തുള്ളൊരു ക്ലിനിക്കിലേക്ക് പോയി അവൾ. പക്ഷെ, അബോർഷന്റെ അനന്തരഫലങ്ങളെ കുറിച്ച് ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ താനിതോടെ മരണപ്പെടുമോ എന്നു പോലും ഭയന്നു അവൾ. ഭീതിയും ആകുലതയും താങ്ങാനാവാതെ അവൾ തിരികെപോന്നു. ഗര്‍ഭമലസിപ്പിക്കാനുള്ള തീരുമാനം വഴിയിലുപേക്ഷിച്ചു കൊണ്ട്. തിരിച്ചു ക്യാമ്പിലെത്തിയ അവൾ പുറത്തിറങ്ങാതായി. പ്രാഥമിക കാര്യങ്ങൾക്കു വേണ്ടി മാത്രം പുറത്തു ഏതാനും വാര മാത്രം അകലെയുള്ള ബാത്‌റൂമിൽ പോയി തിരികെ വന്നു. ഉന്തി വരുന്ന വയറ് പുറത്തുകാണാതിരിക്കാൻ വേണ്ടി തുണിക്കഷ്ണങ്ങൾ കൊണ്ട് വയറിന് മുകളിൽ വരിഞ്ഞു കെട്ടി.

മ്യാന്മാർ സൈനത്തിന്റെ ക്രൂരമായ ബലാത്സംഗത്തിനിരയായി ഗർഭം ധരിച്ച റോഹിങ്ക്യന്‍ സ്ത്രീകൾക്ക് സത്യം പുറത്തു പറയുന്നത് അവരുടെ ജീവൻ അപകടപ്പെടുത്തുന്ന കാര്യമായിരുന്നു. അതുകൊണ്ട് തന്നെ എത്ര സ്ത്രീകൾ തങ്ങളെ ബലാത്സംഗം ചെയ്തവരുടെ മക്കൾക്ക് ജന്മം നൽകി എന്ന് തിട്ടപ്പെടുത്തുന്നത് അസാധ്യമാണ്. എങ്കിലും, അസോസിയേറ്റഡ് പ്രസ് നടത്തിയ ഒരന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ബലാത്സംഗത്തിനിരയാവുകയും കുഞ്ഞുങ്ങളെ പ്രസവിക്കുകയും അവരെ ഉപേക്ഷിക്കുകയും ചെയ്ത റോഹിൻഗ്യൻ സ്ത്രീകളുടെ എണ്ണം അസംഖ്യമാണ്. ഗർഭകാലത്തും പ്രസവിക്കുന്നതിനിടയിലും നിരവധി സ്ത്രീകൾ മരണത്തിനു കീഴടങ്ങിയിട്ടുമുണ്ടെന്ന് പറയുന്നു ലൈംഗികാതിക്രമ വിഷയങ്ങളിലെ വിദഗ്ധയായ ഡാനിയേല കാസ്സിയോ.

തങ്ങൾക്കനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ പുറത്തു പറഞ്ഞാൽ മ്യാന്മാർ സൈന്യം വീണ്ടും പ്രതികാര നടപടികൾ കൈക്കൊള്ളുമോ എന്ന ഭീതി നിലനിൽക്കെത്തന്നെ ചില സ്ത്രീകൾ അസോസിയേറ്റഡ് പ്രെസ്സുമായി സംസാരിക്കാൻ സന്നദ്ധരായി. തങ്ങൾക്കിനി ഒന്നും മറച്ചുവെക്കേണ്ടതില്ലെന്ന് സധൈര്യം പറഞ്ഞു ഒരു സ്ത്രീ. മ്യാന്മറിലുള്ളതിനേക്കാൾ സുരക്ഷിതത്വമനുഭവിക്കുന്നുണ്ടവർ ബംഗ്ലാദേശിൽ. ഇനിയവർക്ക് വേണ്ടത് നീതിയാണ്. അവർ അനുഭവിച്ചു തീർത്ത ദുരിദങ്ങൾക്കതൊരു പരിഹാരമാവില്ലെങ്കിലും.

വേദന നിറഞ്ഞ പകലിരവുകൾക്ക് ശേഷം ഒരു മെയ് മാസത്തിൽ ആ കൊച്ചു പെൺകുട്ടിക്ക് പ്രസവത്തിന്റെ അസ്ക്യതകൾ ആരംഭിച്ചു. ആ ഒറ്റമുറി വീടിന്റെ, സിമെൻറ് പാകി പരുവപ്പെടുത്താത്ത, മണ്ണിന്റെ തറയിൽ കിടന്നുരുണ്ടു അവൾ കുറെ നേരം. ഒടുവിൽ, ഒരു ഞരക്കത്തോടെ ആ കുഞ്ഞിനെ അവൾ പ്രസവിച്ചു. തന്റെ കാൽച്ചുവട്ടിൽ കിടക്കുന്ന ചോരപ്പൈതലിനെ ഒരേ സമയം സ്നേഹത്തോടും പേടിയോടും കൂടെ അവൾ നോക്കി. സൗന്ദര്യവും വേദനയും ഒരു പോലെ സ്ഫുരിക്കുന്ന ഒരു ചോരപ്പൈതൽ.

ആ കുഞ്ഞിനെ വളർത്തി വലുതാക്കാൻ തനിക്കാവിലെന്നറിയാമായിരുന്നു അവൾക്ക്. അവളുടെ അച്ഛൻ തൊട്ടടുത്തുള്ള, ഒരു റിലീഫ് ഗ്രൂപ്പ് നടത്തുന്ന ക്ലിനിക്കിലേക്ക് പോയി. ആ കുഞ്ഞിനെ ഏറ്റെടുക്കണമെന്ന് അവരോടാവശ്യപ്പെട്ടു. കുഞ്ഞിനെ കൊണ്ടുപോകാൻ ക്ലിനിക്കിൽ നിന്നും ഒരാൾ വന്നു. തന്റെ ചോരക്കുഞ്ഞിന്റെ മുഖത്തും കൈകളിലും തുരു തുരെ ഉമ്മവെച്ചു അവൾ. എന്നിട്ട് കണ്ണീരോടെ അതിനെ അയാളുടെ കൈകളിലേക്ക് വെച്ച് കൊടുത്തു.

തന്റെ കുഞ്ഞിപ്പോൾ ആരുടെ കൂടെയാണെന്നവൾക്കറിയില്ല. പക്ഷെ, ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ തയ്യാറുള്ള റോഹിങ്ക്യന്‍ കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട് സേവ് ദി ചിൽഡ്രൻ, യൂണിസെഫ് പോലുള്ള സംഘടനകൾ. ചിലപ്പോഴൊക്കെ ഒരു സന്നദ്ധപ്രവർത്തകൻ തങ്ങളുടെ കുടിലിൽ വന്ന് ആ കുഞ്ഞിന്റെ ചിത്രം തന്നെ കാണിക്കാറുണ്ടെന്നവൾ പറയുന്നു.

"ഒരു ബുദ്ധമതക്കാരന്റെ കുഞ്ഞാണെങ്കിലും അവളെ എനിക്കിഷ്ടമാണ്. കാരണം ഒമ്പത് മാസം എന്റെ ഉദരത്തിൽ കൊണ്ടുനടന്നതാണ് ഞാനവളെ", അവൾ പറയുന്നു. ആ കുഞ്ഞിന്റെ കാര്യത്തിൽ അവളെടുത്ത തീരുമാനം തന്നെയായിരുന്നു ശരി, അതിന്റെ പേരിൽ അവളിപ്പോഴും വേദനിക്കുന്നുണ്ടെങ്കിലും.

വിവര്‍ത്തനം: ഇര്‍ഫാന്‍ ആമയൂര്‍

TAGS :

Next Story