Quantcast

തായ്‍ലാന്റ്; ഗുഹയില്‍ കുടുങ്ങിയ അവശേഷിക്കുന്നവരെ കൂടി പുറത്തെത്തിക്കാനുള്ള രക്ഷാദൌത്യം ഇന്നും തുടരും

ഇന്നലെ പുറത്തെത്തിച്ച നാലുപേരടക്കം എട്ടു കുട്ടികളെയാണ് ഇതു വരെ രക്ഷിച്ചത്. ഇനി കോച്ചടക്കം അഞ്ചുപേരെയാണ് പുറത്തെത്തിക്കാനുള്ളത്

MediaOne Logo

Web Desk

  • Published:

    10 July 2018 3:01 AM GMT

തായ്‍ലാന്റ്; ഗുഹയില്‍ കുടുങ്ങിയ അവശേഷിക്കുന്നവരെ കൂടി പുറത്തെത്തിക്കാനുള്ള രക്ഷാദൌത്യം ഇന്നും തുടരും
X

തായ് ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീം അംഗങ്ങളില്‍ അവശേഷിക്കുന്നവരെ കൂടി പുറത്തെത്തിക്കാനുള്ള രക്ഷാദൌത്യം ഇന്നും തുടരും. ഇന്നലെ പുറത്തെത്തിച്ച നാലുപേരടക്കം എട്ടു കുട്ടികളെയാണ് ഇതു വരെ രക്ഷിച്ചത്. ഇനി കോച്ചടക്കം അഞ്ചുപേരെയാണ് പുറത്തെത്തിക്കാനുള്ളത്.

ലോകം പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന വാര്‍ത്ത ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗുഹയില്‍ അവശേഷിക്കുന്ന നാലു കുട്ടികളെയും പരിശീലകനെയും ഘട്ടംഘട്ടമായി ഇന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കനത്ത മഴ ഇന്നലെ രക്ഷാദൌത്യം തുടങ്ങുന്നത് വൈകാന്‍ കാരണമായിരുന്നു. ജൂൺ 23ന് വൈകിട്ട് ഫുട്ബോൾ പരിശീലനത്തിനു ശേഷം ഉത്തര തായ്‍ലൻഡിലെ ചിയാങ് റായ് മേഖലയിലുള്ള താം ലുവാങ് ഗുഹയ്ക്കുള്ളിൽ കയറിയതാണ് കൗമാരക്കാരായ 12 കുട്ടികളും അവരുടെ 25 വയസ്സുള്ള കോച്ചും. ഇവർ ഉള്ളിൽ കയറിയ ഉടൻ മഴ പെയ്തതിനെത്തുടർന്നാണ് അകത്തു കുടുങ്ങിയത്.

പത്താം ദിവസമാണ് ഗുഹയുടെ നാലു കിലോമീറ്റർ ഉള്ളില്‍ ഇവരെ കണ്ടെത്തിയത്. പുറത്തെത്തിച്ചവരുടെ പേരു വിവരങ്ങള്‍ തായ് ലന്‍ഡ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. മറ്റുള്ളവരുടെ മാതാപിതാക്കളുടെ മാനസിക നില കൂടി പരിഗണിച്ചുകൊണ്ടാണിത്. ഇന്ന് ബാക്കിയുള്ള അഞ്ചുപേരെകൂടി പുറത്തെത്തിച്ച് രക്ഷാദൌത്യം അവസാനിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 90 നീന്തൽ വിദഗ്ധരാണ് പ്രത്യേക ദൗത്യ സംഘത്തിലുള്ളത്. ഇതിൽ 50 പേർ തായ് നാവികസേനാംഗങ്ങളും 40 പേർ വിദേശികളുമാണ്

TAGS :

Next Story