Quantcast

യുദ്ധത്തിന് വന്നാല്‍ അത് നാശത്തിലാകും കലാശിക്കുക; അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍ 

ഇറാനികളെയും ഇറാന്‍ പ്രസിഡന്റിനേയും അപമാനിച്ചാല്‍ സഹിക്കില്ലെന്നും ഖാസിം സുലൈമാനി വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    27 July 2018 3:09 AM GMT

യുദ്ധത്തിന് വന്നാല്‍ അത് നാശത്തിലാകും കലാശിക്കുക; അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍ 
X

അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍. ഇറാനെതിരെ യുദ്ധത്തിന് വന്നാല്‍ അമേരിക്കയുടെ നാശത്തിലാകും അത് കലാശിക്കുകയെന്ന് സൈനിക മേധാവി ഖാസിം സുലൈമാനി ട്രംപിന് മുന്നറിയിപ്പ് നല്‍കി. ഇറാനികളെയും ഇറാന്‍ പ്രസിഡന്റിനേയും അപമാനിച്ചാല്‍ സഹിക്കില്ലെന്നും ഖാസിം സുലൈമാനി വ്യക്തമാക്കി.

അടുത്ത കാലം വരെ അമേരിക്ക യുദ്ധ ഭീഷണി മുഴക്കിയിരുന്നത് ഉത്തരകൊറിയയോടായിരുന്നു. അവര്‍ പിന്‍വാങ്ങുകയും ട്രംപുമായി ചര്‍ച്ച നടത്തുകയും ചെയ്തതോടെ പ്രശ്നത്തിന് താല്‍ക്കാലിക ശമനം വന്നിട്ടുണ്ട്. ഇപ്പോള്‍ യുദ്ധഭീതി ഗള്‍ഫ് മേഖലയിലാണ്. ഇറാനെ ഒതുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ നീക്കമാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയ അമേരിക്ക ഇറാനെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമത്തിലാണ്. ഇതിനെതിരെയാണ് ഇറാന്‍ ശക്തമായി രംഗത്ത് വന്നിരിക്കുന്നത്. പ്രസിഡന്റ് ഹസ്സന്‍ റുഹാനിക്ക് പുറമേ സൈനിക മേധാവിയും യുദ്ധത്തിന് ഒരുക്കമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇറാനെയും ഇറാന്‍ പ്രസിഡന്റിനെയും അപമാനിക്കുന്ന തരത്തില്‍ ഡൊണാള്‍ഡ് ട്രംപ് സംസാരിച്ചതാണ് സൈനിക മേധാവി ഖാസിം സുലൈമാനിയെ ഇപ്പോള്‍ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഇറാനെ നിങ്ങള്‍ ഭയപ്പെടുത്താന്‍ വരേണ്ട, നിങ്ങളുടെ കൈവശമുള്ളതെല്ലാം തകര്‍ത്ത് തരിപ്പണമാക്കും, നിങ്ങള്‍ യുദ്ധം തുടങ്ങൂ, അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്നു ഖാസിം സുലൈമാനി അമേരിക്കയെ വെല്ലുവിളിച്ചു. ഇറാന്‍കാരെയും ഇറാന്‍ പ്രസിഡന്റിനെതിരെയും സൂക്ഷിച്ച് പ്രതികരിക്കണമെന്നും ട്രംപിന് മുന്നറിയിപ്പ് നല്‍കുന്നു. ഇറാന്‍ വിപ്ലവ ഗാര്‍ഡിലെ പ്രത്യേക പരിശീലനം നേടിയ വിഭാഗമാണ് ഖുദ്സ് സേന. ഈ സേനയുടെ മേധാവിയാണ് ഖാസിം സുലൈമാനി. വേണ്ടിവന്നാല്‍ മൂന്നാം ലോക മഹായുദ്ധത്തിന് ഇറാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് ഹസ്സന്‍ റുഹാനി പറഞ്ഞിരുന്നു.

TAGS :

Next Story