Quantcast

ഭീകരര്‍ക്ക് താവളമൊരുക്കുന്നു; പാകിസ്താനുള്ള 30 കോടി ഡോളര്‍ അമേരിക്ക റദ്ദാക്കി

ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാത്തതിനാല്‍ പാക്കിസ്ഥാനു നല്‍കിവന്നിരുന്ന 30 കോടി യുഎസ് ഡോളറിന്റെ(ഏകദേശം 2130 കോടി രൂപ) സഹായം റദ്ദാക്കുന്നുവെന്ന് യുഎസ് സൈന്യം

MediaOne Logo

Web Desk

  • Published:

    2 Sep 2018 6:10 AM GMT

ഭീകരര്‍ക്ക് താവളമൊരുക്കുന്നു; പാകിസ്താനുള്ള 30 കോടി ഡോളര്‍ അമേരിക്ക റദ്ദാക്കി
X

ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാത്തതിനാല്‍ പാക്കിസ്ഥാനു നല്‍കിവന്നിരുന്ന 30 കോടി യുഎസ് ഡോളറിന്റെ(ഏകദേശം 2130 കോടി രൂപ) സഹായം അമേരിക്കന്‍ സൈന്യം റദ്ദാക്കി. സഖ്യകക്ഷി പിന്തുണ ഫണ്ടെന്ന പേരില്‍ നല്‍കിക്കൊണ്ടിരുന്ന ഈ ഫണ്ട് നിര്‍ത്തലാക്കിയതോടെ അമേരിക്കയുമായുള്ള പാകിസ്താന്റെ ബന്ധം കൂടുതല്‍ മോശമാകുമെന്നാണ് സൂചന. ‘മറ്റ് ചില അടിയന്തര’ ആവശ്യങ്ങള്‍ക്കായിരിക്കും ഈ തുക വിനിയോഗിക്കുകയെന്നാണ് പെന്റഗണ്‍ വക്താവ് ലെഫ്. കേണല്‍ കോണെ ഫോക്‌നര്‍ പറഞ്ഞത്.

പാകിസ്താന് നല്‍കിവരുന്ന സുരക്ഷാ പിന്തുണ പിന്‍വലിക്കുന്നതായി കഴിഞ്ഞ ജനുവരിയില്‍ അമേരിക്ക വ്യക്തമാക്കിയിരുന്നു. ഭീകരരുടെ സുരക്ഷിത താവളമാണ് പാകിസ്താനെന്ന് പലതവണ അമേരിക്ക പരാതിപ്പെട്ടിട്ടുണ്ട്. പലപ്പോഴും പാകിസ്താനില്‍ നിന്നും വന്ന് അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തി തിരിച്ചുപോകുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്നും അമേരിക്ക പറഞ്ഞിരുന്നു. അതേസമയം ഈ ആരോപണങ്ങളെ പൂര്‍ണ്ണമായും നിഷേധിക്കുന്ന നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചത്.

പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപി കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയം. ഭീകരര്‍ക്ക് താവളമൊരുക്കുന്ന നിലപാട് മാറ്റിയാല്‍ സഹായം പുനസ്ഥാപിക്കാമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭ ഏജന്‍സിക്ക് നല്‍കിയിരുന്ന സഹായവും അമേരിക്ക നിര്‍ത്തലാക്കി. യുഎന്‍ ഏജന്‍സി അപര്യാപ്തമാണെന്ന കാരണം പറഞ്ഞാണ് അമേരിക്കയുടെ നടപടി. യുഎന്നിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഏജന്‍സിക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കിയിരുന്നത് അമേരിക്കയായിരുന്നു.

ഫലസ്തീനുള്ള സഹായം നിര്‍ത്തലാക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ ശക്തമായ ഭാഷയിലാണ് ഫലസ്തീന്‍ നേതാക്കള്‍ എതിര്‍ത്തത്. ഫലസ്തീന് നേരെയുള്ള നിന്ദ്യമായ ആക്രണമെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഗസ്സ, വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍, സിറിയ, ലെബനാന്‍ എന്നിവിടങ്ങളിലുള്ള അമ്പത് ലക്ഷത്തോളം ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് മരുന്നുകളും വിദ്യാഭ്യാസവും അടക്കമുള്ള സേവനം യുഎന്‍ ഏജന്‍സി നിലവില്‍ നല്‍കുന്നുണ്ട്.

TAGS :

Next Story