Quantcast

ഗസ്സ, ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയില്‍

ഗസ്സയില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറിയെങ്കിലും കര- വ്യോമ- ജല ഗതാഗത മാര്‍ഗങ്ങളുടെ നിയന്ത്രണം ഇസ്രയേലിന് തന്നെയാണ്. ആകെയുള്ളത് റഫ അതിര്‍ത്തി വഴി ഈജിപ്തിലേക്കുള്ള പ്രവേശനം മാത്രമാണ്. 

MediaOne Logo

Web Desk

  • Published:

    12 Sep 2018 4:22 AM GMT

ഗസ്സ, ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയില്‍
X

വിമോചന പോരാട്ടങ്ങളുടെ നിരവധി കഥകള്‍ പറയാനുണ്ട് ഫലസ്തീനിലെ ഗസ്സക്ക്. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങള്‍ക്ക് ശേഷം 2005 സെപ്തംബര്‍ 12നായിരുന്നു ഇസ്രയേല്‍ സൈന്യം ഗസ്സയില്‍ നിന്ന് പിന്‍മാറിയത്. പതിറ്റാണ്ടുകള്‍ നീണ്ട അധിനിവേശം അവസാനിച്ചെങ്കിലും ഗസ്സയില്‍ ഇപ്പോഴും വെടിയൊച്ചകള്‍ നിലച്ചിട്ടില്ല.

ഫലസ്തീന്‍ രാഷ്ട്രത്തിന് കീഴിലെ രണ്ട് പ്രധാന പ്രദേശങ്ങളാണ് വെസ്റ്റ് ബാങ്കും ഗസ്സയും. ഇസ്രയേലിന്‍റെ തെക്ക് പടിഞ്ഞാറ് ഈജിപ്ത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മെഡിറ്റേറിയന്‍ തീരപ്രദേശമാണ് ഗസ്സ മുനമ്പ് . ഫലസ്തീന്‍ വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന ഹമാസ് എന്ന സംഘടനയാണ് ഗസ്സയുടെ ഭരണം നിര്‍വഹിക്കുന്നത്. 45 കിലോമീറ്റര്‍ നീളവും 10 കിലോമീറ്റര്‍ വീതിയുമുള്ള ഗസ്സയുടെ ആകെ വിസ്തൃതി 362 ചതുരശ്ര കിലോമീറ്ററാണ്. ഗസ്സ സിറ്റി, ഖാന്‍ യൂനിസ്, റഫ എന്നിവയാണ് പ്രധാന നഗരങ്ങള്‍. 18.5 ലക്ഷം ജനസംഖ്യയില്‍ 9.10 ലക്ഷം പുരുഷന്‍മാരും 9.40 ലക്ഷം സ്ത്രീകളുമാണ്.

1948 മുതല്‍ 1967 വരെ ഈജിപ്തിന്‍റെ കീഴിലായിരുന്നു ഗസ്സ. 1967ല്‍ നടന്ന അറബ് യുദ്ധത്തില്‍ ഇസ്രയേല്‍ ഗസ്സ പിടിച്ചെടുത്തു. 1987 ഡിസംബര്‍ 9ന് ഹമാസ് രൂപീകൃതമായതോടെയാണ് ഗസ്സയുടെ വിമോചന സമരം ശക്തമായത്. ഫലസ്തീന്‍ പ്രശ്ന പരിഹാരത്തിനായി 1993 സെപ്തംബര്‍ 13 ഓസ്ലോ കരാര്‍ നിലവില്‍ വന്നു. 67ലെ യുദ്ധത്തില്‍ ഇസ്രയേല്‍ കയ്യേറിയ പ്രദേശങ്ങളില്‍ നിന്ന് പിന്‍മാറി ഗസ്സയും വെസ്റ്റ് ബാങ്കും ചേര്‍ത്ത് സ്വതന്ത്ര ഫലസ്തീന്‍ രാജ്യം രൂപീകരിക്കുക എന്നതായിരുന്നു കരാര്‍. എന്നാല്‍ ഈ കരാര്‍ യാഥാര്‍ഥ്യമായില്ല.

2000 ല്‍ ഹമാസിന്‍റെ നേതൃത്വത്തില്‍ രണ്ടാം ഇന്‍തിഫാദക്ക് തുടക്കം കുറിച്ചതോടെ ഗസ്സയുടെ നിയന്ത്രണം ഒഴിയാന്‍ ഇസ്രയേല്‍ നിര്‍ബന്ധമായി. 2005 സെപ്തംബര്‍ 12ന് ഗസ്സയില്‍ നിന്ന് പിന്‍മാറുമെന്ന് ഇസ്രയേല്‍ പാര്‍ലമെന്‍റ് പ്രഖ്യാപിച്ചു. ഫലസ്തീന്‍ അതോറിറ്റിക്ക് കീഴിലായ ഗസ്സയില്‍ 2007 ജൂലൈ മുതല്‍ ഹമാസാണ് ഭരണം നടത്തുന്നത്. 2006 ല്‍ നടന്ന ഫലസ്തീന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഹമാസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ഇസ്മാഈല്‍ ഹനിയ്യ പ്രധാനമന്ത്രിയാവുകയും ചെയ്തു. ഹമാസിനെ ഇസ്രയേലും അമേരിക്കയും അംഗീകരിക്കാന്‍ തയ്യാറായില്ല. തങ്ങളുടെ മേഖലകളിലേക്ക് കൂടി ഹമാസ് ശക്തിപ്രാപിക്കുന്നത് തടയാനായി ഫതഹ് പാര്‍ട്ടിയും ഹമാസ് സര്‍ക്കാരിനെതിരായി രംഗത്ത് വന്നു. ഇത് ശക്തമായ ആഭ്യന്തര യുദ്ധത്തിന് തന്നെ കാരണമായി.

ഇരു പാര്‍ട്ടികളും നിരവധി തവണ ഏറ്റുമുട്ടി. ഒന്നര വര്‍ഷത്തിനിടെ അഞ്ഞൂറോളം പേര്‍ക്ക് ആഭ്യന്തര കലാപത്തില്‍ ജീവന്‍ നഷ്ടമായി. 2007 ജൂണില്‍ നടന്ന ഒമ്പത് ദിവസത്തെ ശക്തമായ പോരാട്ടത്തിനൊടുവില്‍ ഗസ്സയില്‍ നിന്നും ഫതഹ് വിഭാഗത്ത ഒഴിവാക്കി ഗസ്സയുടെ നിയന്ത്രണം ഹമാസ് കൈക്കലാക്കി. 2007 ജൂണ്‍ 14ന് പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് ഹമാസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിരിച്ചുവിടുകയും ഇസ്മാഈല്‍ ഹനിയ്യയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. അതിന് ശേഷം ഗസ്സയില്‍ ഹമാസും വെസ്റ്റ്ബാങ്കില്‍ ഫതഹുമാണ് ഭരണം നടത്തുന്നത്.

ഗസ്സയില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറിയെങ്കിലും കര- വ്യോമ- ജല ഗതാഗത മാര്‍ഗങ്ങളുടെ നിയന്ത്രണം ഇസ്രയേലിന് തന്നെയാണ്. ആകെയുള്ളത് റഫ അതിര്‍ത്തി വഴി ഈജിപ്തിലേക്കുള്ള പ്രവേശനം മാത്രമാണ്. ഒരരര്‍ഥത്തില്‍ ഉപരോധത്തിലാണ് ഗസ്സ നിവാസികള്‍. അത് കൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയില്‍ എന്ന് ഗസ്സയെ വിശേഷിപ്പിക്കുന്നത്. ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍പ്പോലും മറ്റിടങ്ങളില്‍ ഗസ്സയിലേക്ക് എത്തിക്കാന്‍ നിയന്ത്രണങ്ങളുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന കപ്പലുകള്‍ നിരവധി തവണ ഇസ്രയേല്‍ സൈന്യം ആക്രമിച്ച സംഭവങ്ങള്‍ നിരവധിയാണ്. ഹമാസിന് നിയന്ത്രണത്തിലായതിന് ശേഷം ഇസ്രയേല്‍ നിരവധി തവണ ഗസ്സക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഹമാസും ഇസ്രയേലും തമ്മിലുണ്ടായിരുന്ന വെടിനിര്‍ത്തില്‍ അവസാനിച്ച് ഏതാനും ദിവസങ്ങള്‍ക്കകം 2008 ഡിസംബര്‍ 27 ന് ഇസ്രയേല്‍ ആക്രമണം തുടങ്ങി. അന്ന് മാത്രം 140 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ഓപ്പറേഷന്‍ കാസ്റ്റ്‍ലീഡ് എന്ന പേരില്‍ 2008 ഡിസംബര്‍ 27 - 2009 ജനുവരി 18 വരെ നീണ്ടു നിന്ന ആക്രമണത്തില്‍ 1417 ഫലസ്തീനികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തില്‍ നാലര ലക്ഷത്തോളം പേര്‍ക്ക് കുടിവെളളം ഇല്ലാതാവുകയും നാലായിരത്തോളം വീടുകള്‍ തകരുകയും ചെയ്തു. ഫലസ്തീനികള്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 13 ഇസ്രയേലികള്‍ കൊല്ലപ്പെടുകയും ചെയ്തു. വിവിധ കാലയളവില്‍ ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നു. 2014ല്‍ രണ്ടായിരത്തിലധികം പേരെയാണ് ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ ഇതുവരെ നൂറ്റി അന്പതിലധികം പേര്‍ക്കും ജീവന്‍ നഷ്ടമായി. ഒരു ഭാഗത്ത് ഇസ്രയേല്‍ സൈന്യത്തിന്‍റെ നിഷ്ഠൂര നടപടികള്‍ തുടരുമ്പോഴും ഫലസ്തീന്‍ വിമോചനത്തിനായുള്ള പോരാട്ടത്തിലാണ് ഗസ്സ നിവാസികള്‍. ജറൂസലേം ആസ്ഥാനമായുള്ള ഫലസ്തീന്‍ രാജ്യം സ്ഥാപിതമാകുമെന്ന വിശ്വാസത്തില്‍.

TAGS :

Next Story