Quantcast

ദമാസ്കസ് വിമാനത്താവളത്തില്‍ ഇസ്രയേല്‍ മിസൈലാക്രമണം

സിറിയന്‍ വ്യോമസേനവിഭാഗം ആക്രമണത്തെ അതിവിദഗ്ധമായി പ്രതിരോധിച്ചെന്നും മിസൈലുകള്‍ നശിപ്പിച്ചെന്നും സനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

MediaOne Logo

Web Desk

  • Published:

    17 Sept 2018 9:38 AM IST

ദമാസ്കസ് വിമാനത്താവളത്തില്‍ ഇസ്രയേല്‍ മിസൈലാക്രമണം
X

സിറിയന്‍ തലസ്ഥാനമായ ദമാസ്കസിലെ വിമാനത്താവളത്തില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി സിറിയന്‍ മാധ്യമങ്ങള്‍. മിസൈല്‍ ആക്രമണത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടെ പുറത്തുവിട്ടു. എന്നാല്‍ വാര്‍ത്തയെ കുറിച്ച് ഇസ്രയേല്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ദമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായതെന്നും വലിയ ശബ്ദത്തോടെ മിസൈലുകള്‍ വന്ന് പതിക്കുകയായിരുന്നു എന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് സിറിയന്‍ വാര്‍ത്ത ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ വ്യോമസേനവിഭാഗം ആക്രമണത്തെ അതിവിദഗ്ധമായി പ്രതിരോധിച്ചെന്നും മിസൈലുകള്‍ നശിപ്പിച്ചെന്നും സനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേടുപാകളെ കുറിച്ചോ ആളപായം ഉണ്ടായോ എന്നതിനെ കുറിച്ചോ വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നില്ല.

വ്യോമസേന വിഭാഗം പുരത്തുവിട്ട മിസൈലുകള്‍ പതിക്കുന്ന ചിത്രങ്ങളുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. എന്നാല്‍ ആക്രമണത്തെകുറിച്ച് പ്രതികരിക്കാന്‍ ഇസ്രയേല്‍ സൈനികവൃത്തങ്ങള്‍ തയ്യാറായിട്ടില്ല. മിസൈലുകള്‍ പതിച്ചത് വിമാനത്താവളത്തിന് സമീപത്തുള്ള ആയുധ ശാലയിലാണെന്നും മിസൈലുകള്‍ ഇസ്രയേല്‍ നിര്‍മ്മിതമാണെന്ന് സ്ഥിരീകരിച്ചതായും സിറിയയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ വക്താവ് അറിയിച്ചു. സിറിയയില്‍ ബശാറുല്‍ അസദ് സര്‍ക്കാരിന് പിന്തുണ നല്‍കുന്ന ഇറാനെതിരെ ഇസ്രയേല്‍ കടുത്തനിലപാടുകള്‍ എടുത്തിരുന്നു. സിറിയയില്‍ കഴിഞ്ഞ കുറെ മാസങ്ങളായി ഇസ്രയേല്‍ ആക്രമണം നടത്തുന്നുണ്ട്. ഇതില്‍ കൂടുതലും ഇറാന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ്. ശനിയാഴ്ച നടന്ന മിസൈല്‍ ആക്രമണവും ഇറാനുള്ള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തല്‍.

TAGS :

Next Story