Quantcast

തുർക്കി പ്രസിഡന്റ് പ്രതിനിധാനം ചെയ്യുന്നത് എന്റെ പിതാവിന്റെ പാരമ്പര്യം: മാൽകം എക്സിന്റെ മകൾ     

MediaOne Logo

Web Desk

  • Published:

    26 Sept 2018 5:08 PM IST

തുർക്കി പ്രസിഡന്റ് പ്രതിനിധാനം ചെയ്യുന്നത് എന്റെ പിതാവിന്റെ പാരമ്പര്യം: മാൽകം എക്സിന്റെ മകൾ      
X

തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പ്രതിനിധാനം ചെയ്യുന്നത് തന്റെ പിതാവിന്റെ പാരമ്പര്യമാണെന്ന് പ്രമുഖ മുസ്‌ലിം പൗരാവകാശ നേതാവായിരുന്ന മാൽകം എക്സിന്റെ മകൾ ഇല്യാസ് ശബാസ്. തുർക്കി പ്രസിഡന്റിനെ സന്ദർശിച്ചതിന് ശേഷമാണ് ഇല്യാസ് ശബാസിന്റെ പ്രസ്താവന.

ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലുള്ള ഉർദുഗാനെയും പ്രഥമ വനിത എമിൻ ഉർദുഗാനെയും ശബാസും സഹോദരിയും തിങ്കളാഴ്ച സന്ദർശിച്ചിരുന്നു.

"അന്തസ്സും മാനുഷിക മൂല്യങ്ങളും നീതിബോധവും ഉയർത്തിപ്പിടിക്കുന്ന അദ്ദേഹത്തെ പോലെയുള്ള ഒരു നേതാവിനെ കണ്ടുമുട്ടിയത് തന്നെ അഭിമാനമാണ്," കൂടിക്കാഴ്ചക്ക് ശേഷം ഒരു തുർക്കിഷ് വാർത്ത ഏജൻസിയുടെ ന്യൂയോർക്ക് പ്രതിനിധിയോട് ഇല്യാസ് ശബാസ് പറഞ്ഞു. തന്റെ പിതാവിന്റെ പാരമ്പര്യം പ്രതിനിധാനം ചെയ്യുന്ന ഒരു വ്യക്തി എന്ന നിലക്ക് അദ്ദേഹവുമായുള്ള കൂടിക്കാഴ്ച തീർത്തും അർത്ഥവത്തായിരുന്നു എന്നും അവർ പറഞ്ഞു.

"ഓരോ വ്യക്തിയുടെയും മനുഷ്യത്വമാണ് എന്റെ പിതാവ് ഉയർത്തിപ്പിടിച്ച പാരമ്പര്യം. ദൈവത്തിന്റെ കണ്ണിൽ നമ്മളെല്ലാവരും സഹോദരങ്ങളാണ്. അതിനാൽ, മതമോ ജാതിയോ നിറമോ ദൈവത്തിന്റെ പരിഗണനാ വിഷയങ്ങളല്ല. ശരിയിൽ നിന്നും തെറ്റിനെ വേർതിരിക്കുന്നതിനെ കുറിച്ചാണ് ദൈവം സംസാരിക്കുന്നത്. തെറ്റ് കാണുമ്പോൾ അതിനെതിരെ നമ്മൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്," ശബാസ് പറഞ്ഞു.

സിറിയൻ അഭയാർത്ഥികളെ സ്വീകരിച്ചത് പോലെയുള്ള തുർക്കിയുടെ മാനുഷിക പ്രവർത്തനങ്ങളെ പ്രശംസിച്ച ശബാസ് അത് മറ്റുള്ള രാജ്യങ്ങൾക്ക് മാതൃകയാണെന്നും പറഞ്ഞു.

"മറ്റുള്ളവർ അതിർത്തിയിൽ മതിൽ കെട്ടുന്നതിനെ കുറിച്ച് സംസാരിക്കുമ്പോൾ തുർക്കി 3 . 5 ദശലക്ഷം അഭയാർത്ഥികൾക്ക് മുന്നിൽ വാതിലുകൾ തുറന്നിട്ട് കൊടുത്തു," അവർ പറഞ്ഞു.

അമേരിക്കയിൽ വംശീയതക്ക് എതിരെ പോരാടിയ പ്രമുഖ ആഫ്രോ അമേരിക്കൻ നേതാവാണ് മാൽകം എക്സ്.

TAGS :

Next Story