Quantcast

മിസൈല്‍ ഉടമ്പടി റദ്ദാക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ റഷ്യയും ചൈനയും

പുതിയ മിസൈലുകള്‍ നിര്‍മിക്കുന്ന നടപടിയുമായി അമേരിക്ക മുന്നോട്ട് പോവുകയാണെങ്കില്‍ പ്രതികരിക്കേണ്ടി വരുമെന്ന് റഷ്യ. തീരുമാനം നടപ്പാക്കുന്നതിന് മുന്‍പ് മൂന്ന് തവണ ആലോചിക്കണമെന്ന് ചൈന

MediaOne Logo

Web Desk

  • Published:

    23 Oct 2018 3:01 AM GMT

മിസൈല്‍ ഉടമ്പടി റദ്ദാക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ റഷ്യയും ചൈനയും
X

മിസൈല്‍ ഉടമ്പടി റദ്ദാക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി റഷ്യയും ചൈനയും. പുതിയ മിസൈലുകള്‍ നിര്‍മിക്കുന്ന നടപടിയുമായി അമേരിക്ക മുന്നോട്ട് പോവുകയാണെങ്കില്‍ പ്രതികരിക്കേണ്ടി വരുമെന്ന് റഷ്യ പറഞ്ഞു. തീരുമാനം നടപ്പാക്കുന്നതിന് മുന്‍പ് മൂന്ന് തവണ ആലോചിക്കണമെന്ന് ചൈനയും പ്രതികരിച്ചു.

ശീതയുദ്ധകാലത്ത് റഷ്യയുമായി ഒപ്പുവെച്ച മിസൈല്‍ ഉടമ്പടിയില്‍ നിന്നും പിന്‍മാറുമെന്ന് കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചത്. റഷ്യ ഉടമ്പടി ലംഘിച്ച് മിസൈലുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ ഇതിനെതിരെ ശക്തമായ മറുപടിയുമായി റഷ്യ രംഗത്തെത്തി. അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. അമേരിക്കയുടെ ഏകപക്ഷീയമായ പിന്‍മാറ്റം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൈന പറഞ്ഞു. വിഷയം അമേരിക്ക നല്ല രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു.

എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. ചൈനയേയും റഷ്യയേയും സമ്മര്‍ദ്ദത്തിലാക്കാന്‍ വേണ്ടി ആണവായുധം നിര്‍മിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. 500 മുതൽ 5500 കിലോ മീറ്റർ വരെ പ്രഹര ശേഷിയുള്ള മധ്യദൂര മിസൈലുകളുടെ പ്രയോഗമാണ് കരാര്‍ പ്രകാരം നിരോധിച്ചിരുന്നത്. 1987ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റോണള്‍ഡ് റീഗനും റഷ്യന്‍ പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവും തമ്മിലാണ് ഉടമ്പടി ഒപ്പുവെച്ചിരുന്നത്.

TAGS :

Next Story