Quantcast

ആ ജയില്‍ ഗ്ലാസിനപ്പുറമുള്ള പ്രിയപ്പെട്ടവരെ ഒരു നോക്കു കാണാനാണ് ഫലസ്തീനിലെ പെണ്ണുങ്ങളുടെ ഈ യാത്ര

നീണ്ട 12 മണിക്കൂർ യാത്ര. ചെക്പോസ്റ്റുകളിലെ മണിക്കൂർ നീണ്ട കാത്തിരിപ്പ്. ജയിലിനകത്തേക്ക് കയറ്റിവിടുന്നതിന് മുമ്പ് ദേഹപരിശോധന. എന്നിട്ടും പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കാൻ കിട്ടുന്നത് മിനിറ്റുകൾ മാത്രം

MediaOne Logo

Web Desk

  • Published:

    3 Nov 2018 7:07 AM GMT

ആ ജയില്‍ ഗ്ലാസിനപ്പുറമുള്ള പ്രിയപ്പെട്ടവരെ ഒരു നോക്കു കാണാനാണ് ഫലസ്തീനിലെ പെണ്ണുങ്ങളുടെ ഈ യാത്ര
X

അതിജീവനവും അസാമാന്യ നിശ്ചയദാർഢ്യവും കൊണ്ട് ലോകത്തെ പലപ്പോഴും ഞെട്ടിച്ച ഉരുക്കു വനിതകളാണ് ഫലസ്തീനിലെ 'പെണ്ണുങ്ങൾ'. തലക്കു മുകളിൽ മിസൈലുകളുടെയും ഡ്രോണുകളുടെയും മുരൾച്ച നിലയ്ക്കാത്ത ആ പുണ്യ മണ്ണ് ഇങ്ങനെ നിലനിന്ന് പോവുന്നതിനു ഒരു മുഖ്യ കാരണമുണ്ട്. അവിടങ്ങളിലെ ഉമ്മമാർ തന്നെ. തങ്ങളുടെ മക്കൾക്ക് ഭക്ഷണത്തിനും ശിക്ഷണത്തിനുമൊപ്പം ഊട്ടുന്നത് തികഞ്ഞ ആത്മവിശ്വാസവും പ്രതീക്ഷയും പോരാട്ട വീര്യവുമാണ്. പക്ഷേ ചില സമയത്ത് ഈ ഉരുക്കു വനിതകൾ പതറിപ്പോവാറുണ്ട്. കുഞ്ഞുമക്കളുടെ കലർപ്പില്ലാത്ത ചോദ്യങ്ങൾക്കും നിഷ്കളങ്കമായ പിടിവാശികൾക്കും മുന്നിൽ തകർന്നു പോവാറുണ്ട്.

ഇസ്രായേലിന്റെ തടവറക്കുള്ളിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്ന ഫലസ്തീനിലെ പുരുഷന്മാരുടെ ജയിൽവാസം അകാരണമായി നീളുകയാണ്. കുടുംബാംഗങ്ങൾക്ക് മാസത്തിൽ ഒരു തവണ മാത്രമാണ് ജയിലിനകത്തുള്ളവരെ കാണാൻ അവസരമുള്ളൂ. ആഗോള മനുഷ്യാവകാശ സംഘടനകളുടെ ഇടപെടൽ മൂലമാണ് അതെങ്കിലും അനുവദിച്ചുകിട്ടിയത്.

റെഡ് ക്രോസ് സംഘടനയുടെ ബസിൽ കയറിയാണ് ഫലസ്തീനികൾ ജയിലിലുള്ള ഉറ്റവരെ കാണാൻ പോകാറുള്ളത്. നീണ്ട പന്ത്രണ്ട് മണിക്കൂർ യാത്രയുണ്ട്. കൂടാതെ ചെക്പോസ്റ്റുകളിലെ മണിക്കൂർ നീണ്ട കാത്തിരിപ്പ്. ഒടുവിൽ ജയിലിനകത്തേക്ക് കയറ്റി വിടുന്നതിന് തൊട്ടുമുമ്പ് ദേഹപരിശോധനയും. എല്ലാം കഴിഞ്ഞ് പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കാൻ കിട്ടുന്നത് മിനിറ്റുകൾ മാത്രം. ഇരു കൂട്ടർക്കുമിടയിൽ ഗ്ലാസുകൊണ്ടുള്ള കൂറ്റൻ മതിലും ഉണ്ടാകും.

ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രയാസമനുഭവിക്കുന്ന മൊണാ ദരഗ്മേക്ക് മണിക്കൂറുകൾ നീണ്ട ബസ് യാത്രയോ ചെക്പോസ്റ്റുകളിലെ കാത്തിരിപ്പോ പ്രശ്നമാകാറില്ല. കാരണം. തന്റെ മകനെ ഒരു നോക്ക് കണ്ടാൽ മാത്രം മതിയെന്നാണ് ആ 70 കാരിയായ ഉമ്മയുടെ ആഗ്രഹം. ബസ് യാത്രക്കിടയിൽ തടവിലിരിക്കെ മകൻ ഉമ്മാക്കെഴുതിയ കത്തുകളും മകനൊപ്പമുള്ള ഫോട്ടോയും ബാഗിൽ നിന്നും പുറത്തെടുത്ത് ചേർത്തുവെച്ചു കൊണ്ട് ആ ഉമ്മ നെടുവീർപ്പിട്ടു.

ഡയാലിസിസിനിടെയാണ് തന്റെ മകനെ കാണാനായി 76 കാരിയായ ഖൈരി പുറപ്പെടുന്നത്. ഓരോ തവണ ഇറങ്ങുമ്പോഴും ഈ യാത്ര അവസാനത്തേതാകണേ, മകന് മോചനം ലഭിക്കണേ എന്ന് പ്രാർത്ഥിച്ചാണ് ഇറങ്ങാറ്. ഇത് പറയുമ്പോൾ ആ മാതാവ് തേങ്ങുന്നുണ്ടായിരുന്നു.

ഉപ്പയ്ക്കൊപ്പം പുറത്ത് പോകണമെന്നും കളിക്കണമെന്നുമെല്ലാം പറഞ്ഞ് മുറ്റത്ത് കാത്തു നിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ ഹൃദയം പൊട്ടുന്ന വേദനയാണുണ്ടാവാറുള്ളതെന്ന് സുന്ദുസ് എന്ന യുവതി പറയുന്നു.

ഞങ്ങൾക്ക് ജനിച്ച കുഞ്ഞിനെ പ്രിയതമൻ ആദ്യമായി കാണുന്നത് ആ കൂറ്റൻ ഗ്ലാസ് മതിലിനപ്പുറത്തു നിന്നാണ്. അദ്ദേഹം ആദ്യമായി കരഞ്ഞു കാണുന്നതും അപ്പോഴാണ് എന്ന് ഉമൈമ സ്വൽഹ എന്ന യുവതിയുടെ അനുഭവം കേട്ടാൽ ആരിലും കണ്ണീര് പൊടിയും.

പ്രിയപ്പെട്ടവരുടെ ശബ്ദമൊന്ന് കേൾക്കാൻ കഴിയാത്ത, ഒന്ന് സംസാരിക്കാൻ കഴിയാത്ത ആ ചില്ലുപാളിക്കിരുവശത്തു നിന്നുമുള്ള ആശയവിനിമയം എത്രത്തോളം സുഖമുള്ളതാവുമെന്ന് നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ.

ഇങ്ങനെയൊക്കെയാണെങ്കിലും അചഞ്ചലമായ വിശ്വാസവും നിശ്ചയദാർഢ്യവുമാണ് കടുത്ത പ്രതിസന്ധിയിലും ഇവരെ മുന്നോട്ട് നയിക്കുന്ന ഘടകം.

TAGS :

Next Story