Quantcast

‘’മുടി മുറിച്ചു, ഷോക്കടിപ്പിച്ചു,  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രകീര്‍ത്തിച്ച് പാട്ട് പാടിച്ചു’’ 

ചൈനീസ് തടവറയിലെ ക്രൂരത തുറന്ന് കാട്ടി ഉയിഗൂര്‍ മുസ്‌ലിം യുവതി

MediaOne Logo

Web Desk

  • Published:

    27 Nov 2018 5:22 PM IST

‘’മുടി മുറിച്ചു, ഷോക്കടിപ്പിച്ചു,  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രകീര്‍ത്തിച്ച് പാട്ട് പാടിച്ചു’’ 
X

ഉയിഗുർ മുസ്‌ലിങ്ങളെതിരെയുള്ള ചൈനയുടെ ക്രൂരത തുറന്ന് കാട്ടി മുസ്‌ലിം യുവതി. ചൈനീസ് സർക്കാരിന്റെ ഡിറ്റെൻഷൻ ക്യാംപിൽ അനുഭവിച്ച ക്രൂരമായ പീഡന വിവരങ്ങളാണ് ഉയിഗുർ യുവതി തുറന്ന് പറഞ്ഞത്.

‘നാല് ദിവസം ഉറക്കം പോലും തരാതെ തുടർച്ചയായി ചോദ്യം ചെയ്തു, മുടി ഷേവ് ചെയ്യിപ്പിച്ചു, അനാവശ്യമായി മെഡിക്കൽ പരിശോധന നടത്തിയതിന് ശേഷമാണ് 2017 ൽ രണ്ടാമതായി അറസ്റ്റ് ചെയ്തത്. മൂന്നാമതായി അറസ്റ്റ് ചെയപ്പെട്ടതിന് ശേഷം ചൈനീസ് സർക്കാരിന്റെ പെരുമാറ്റം വളരെ ക്രൂരമായിരുന്നു’; മിഹൃഗുല്‍ ടുര്‍സുന്‍ വാർത്താ സമ്മേളനത്തില്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ക്രൂരമായ പീഡനത്തിലും നല്ലത് തന്നെ കൊല്ലുന്നതാണ് നല്ലതെന്നും ഒരു വേള കൊന്ന് തരാൻ കാല് പിടിച്ചെന്നും യുവതി പറയുന്നു. മിഹൃഗുല്‍ ടുര്‍സുന്‍ എന്ന ഉയിഗുർ യുവതിയാണ് തനിക്കേറ്റ പീഡനങ്ങളെ കുറിച്ച് കണ്ണീരോടെ മാധ്യമ പ്രവർത്തകരോട് പങ്ക് വെച്ചത്.

ചൈനയിൽ ജനിച്ചു വളർന്ന ടുര്‍സുന്‍ പിന്നീട് പഠനവിശ്യങ്ങൾക്കായിട്ടാണ് ഈജിപ്തിലേക്ക് പറക്കുന്നത്, ശേഷം വിവാഹം കഴിയുകയും മൂന്ന് കുട്ടികളുമായി. 2015 ൽ ടുര്‍സുന്‍ കുടുംബത്തെ കാണാനായി തിരിച്ച് കുടുംബത്തോടെ ചൈനയിലേക്ക് വന്ന സന്ദർഭത്തിലാണ് ആദ്യമായി കരുതൽ തടങ്കലിൽ വെക്കുന്നത്. അതോടെ കുട്ടികളിൽ നിന്നും അകന്നു. ശേഷം മൂന്ന് മാസത്തെ തടവിന് ശേഷം പുറത്ത് വിട്ട സമയത്ത് ഒരു കുഞ്ഞ് മരണപെട്ടു. മറ്റ് രണ്ട് കുഞ്ഞുങ്ങൾക്കും ആരോഗ്യപരമായി തന്നെ പ്രശ്നങ്ങൾ കൂടി. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ടുര്‍സുന്‍ വീണ്ടും അറസ്റ്റിലായി.

നിരവധി മാസങ്ങൾ തടവിൽ കഴിഞ്ഞ് വിട്ടതിന് ശേഷം ടുര്‍സുനെ മൂന്നാമതും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസമാണ് തടവിൽ കഴിഞ്ഞത്. അസ്വസ്ഥത നിറഞ്ഞ തടവ് മുറിയായിരുന്നു ആ സമയത്തെന്ന് ടുര്‍സുന്‍ ഓർത്തെടുക്കുന്നു, 60 ഓളം തടവുകാരായിരുന്നു അതിനകത്ത് പാർപ്പിച്ചിരുന്നത്. ഉറങ്ങിയിരുന്നത് പലപ്പോഴും സമയ ക്രമം പാലിച്ചായിരുന്നു. ശുചിമുറിയിൽ വരെ കാമറകളായിരുന്നു, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രകീര്‍ത്തിച്ച് പലപ്പോഴും പാട്ട് പാടിച്ചു. അറിയപ്പെടാത്ത പല മെഡിക്കൽ പരിശോധനകൾക്കും ഇരയാകേണ്ടി വന്നുവെന്ന് ടുര്‍സുൻ പറയുന്നു. ചില ഗുളികകൾ കഴിച്ച തങ്ങൾ തല കറങ്ങി വീണുവെന്നും ഒരു പ്രത്യേക വെളുത്ത ലായനി കാരണം ബ്ലീഡിങ് ഉണ്ടായി. മറ്റു ചിലര്‍ക്ക് ആര്‍ത്തവം നിന്നുപോയി. ആ മൂന്നു മാസ തടങ്കല്‍ കാലയളവില്‍ ഒമ്പതു പേരാണ് ആ സെല്ലില്‍ മരിച്ചുവീണത്.

ഒരു ദിവസം ടുര്‍സുനെ ഒരു മുറിയിലേക്കു വിളിപ്പിച്ചു. ഉയര്‍ന്ന ഒരു കസേരയില്‍ ഇരുത്തി, കാലുകളും കൈകളും ബന്ധിച്ചു. ഹെല്‍മറ്റ് പോലെന്തോ തലയില്‍ വച്ചു. പിന്നീട് ഷോക്കടിപ്പിക്കലായിരുന്നു. ഓരോ തവണയും വൈദ്യുതാഘാതമേല്‍ക്കുമ്പോള്‍ ശരീരം മുഴുവന്‍ വിറങ്ങലിച്ചു, ഞരമ്പുകളില്‍പ്പോലും ആ വേദന വ്യക്തമായി അറിയാമായിരുന്നു. അന്നത്തെ പല കാര്യങ്ങളും ശരിക്കും ഓര്‍മിക്കുന്നുപോലുമില്ല. വായിലൂടെ വെള്ള നിറത്തിലുള്ള പത പുറത്തുവന്നു. ബോധം മറയാന്‍ തുടങ്ങി. അധികൃതര്‍ പറഞ്ഞ, തന്റെ ഓര്‍മയിലുള്ള അവസാന വാക്ക് ഒരു ഉയിഗുര്‍ വംശജയായതാണ് നിങ്ങളുടെ കുറ്റം എന്നായിരുന്നു.

ചൈനയിലെ ഉയിഗുർ വിഭാഗക്കാരെ മാത്രം ലക്ഷ്യമാക്കിയുള്ള വംശീയ ഉന്മൂലനത്തിന്റെ ഏറ്റവും വലിയ മാതൃകകളാണ് അവിടുത്ത കോണ്‍സന്‍ട്രേഷന്‍ ക്യാംപുകൾ. രണ്ട് മില്യൺ ഉയിഗുർ മുസ്‌ലിങ്ങളെ ഇതിനോടകം തന്നെ ചൈന കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിൽ പാർപ്പിച്ചിട്ടുണ്ട്. ചൈനയിലെ മനുഷ്യാവകാശ ലംഘനവും അതിക്രമവും വംശീയ ഉന്മൂലനവും ചൂണ്ടി കാട്ടി തിങ്കളാഴ്ച 26 രാജ്യങ്ങളിലെ 270 പണ്ഡിതന്മാർ പ്രസ്താവനയിറക്കിയിരുന്നു.

ചൈനീസ് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിൽ ഉയിഗുർ മുസ്‌ലിങ്ങളെ ക്രൂരമായ നിരീക്ഷണത്തിലും മാനസിക സംഘർഷങ്ങളിലൂടെയുമാണ് പാർപ്പിക്കുന്നത്. മത ജീവിതത്തിൽ നിന്നും ആചാരങ്ങളിൽ നിന്നും വിട്ട് നിൽക്കാൻ ബലം പ്രയോഗിച്ച് തന്നെ കൽപ്പിക്കുമെന്നും കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലെ ജീവിതം പരാമർശിച്ച് പ്രസ്താവനയിൽ പറയുന്നു. ക്യാംപിന് പുറത്ത് 10 മില്യൺ തുർക്കി മുസ്‌ലിം ന്യൂനപക്ഷത്തിൽ പെട്ടവരെ ശക്തമായ നിരീക്ഷണത്തിനും കൂടികാഴ്ച്ചക്കും ഇടയാക്കാറുണ്ടെന്ന് പ്രസ്താവന ചൂണ്ടി കാണിക്കുന്നു.

അതെ സമയം ടുര്‍സുന്റെ ആരോപണങ്ങളോട് വാഷിംഗ്ടണിലെ ചൈനീസ് എംബസി പ്രതികരിക്കാൻ തയ്യാറായില്ല. ചൈനയിൽ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകൾ നിലനിൽക്കുന്ന വാർത്ത ചൈനീസ് സർക്കാർ നിഷേധിച്ചു. ചെറിയ കുറ്റവാളികളെ എംപ്ലോയ്‌മെന്റ് ട്രെയിനിങ് സെന്ററുകളിലേക്ക് അയക്കാരുണ്ടെന്നാണ് സർക്കാർ പറയുന്നത്. ഏപ്രിൽ 2017 തൊട്ട് ഏകദേശം 2 മില്യൺ ഉയിഗുറുകളെയും കസാക്കുകളെയും മറ്റു മുസ്‌ലിംകളെയും അനാവശ്യമായി തടവിൽ പാർപ്പിക്കുന്നുണ്ടെന്നാണ് കണക്ക്

TAGS :

Next Story