റഷ്യക്കെതിരെ പട്ടാള നിയമവുമായി യുക്രൈന്‍
ക്രിമിയക്ക് സമീപം അസോവ് സമുദ്രത്തില്‍ യുക്രൈനിന്റെ മൂന്ന് കപ്പലുകള്‍ റഷ്യ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.

റഷ്യ-യുക്രൈന്‍ ബന്ധം കൂടുതല്‍ വഷളാകുന്നു. പട്ടാള നിയമം ഏര്‍പ്പെടുത്താനുള്ള പ്രസിഡന്റിന്റെ നിര്‍ദേശം യുക്രൈന്‍ പാര്‍ലമെന്റ് പാസാക്കി. ബുധനാഴ്ച മുതല്‍ 30 ദിവസത്തേക്കാണ് പട്ടാളനിയമം പ്രാബല്യത്തില്‍ വരിക. ക്രിമിയക്ക് സമീപം കപ്പലുകള്‍ പിടിച്ചെടുത്ത റഷ്യന്‍ നടപടിക്കെതിരെയാണ് യുക്രൈനിന്റെ പുതിയ നീക്കം.

ക്രിമിയക്ക് സമീപം അസോവ് സമുദ്രത്തില്‍ യുക്രൈനിന്റെ മൂന്ന് കപ്പലുകള്‍ റഷ്യ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് റഷ്യ യുക്രൈന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെക്കുകയും അവ പിടിച്ചെടുക്കുകയും ചെയ്തു. ഇതാണ് യുക്രൈനെ ചൊടിപ്പിച്ചത്. റഷ്യന്‍ നടപടിക്ക് മറുപടിയായി പട്ടാള നിയമം ഏര്‍പ്പെടുത്താന്‍ പ്രസിഡന്റ് പെട്രോ പൊരൊഷെന്‍കോ നിര്‍ദേശം നല്‍കുകയും യുക്രൈന്‍ പാര്‍ലമെന്റ് അംഗീകരിക്കുകയും ചെയ്തു. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ സുരക്ഷാ കൌണ്‍സില്‍ അടിയന്തര യോഗം വിളിച്ചതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് യുക്രൈന്‍ പ്രസിഡന്റ് അടിയന്തരമായി പാര്‍ലമെന്റ് വിളിച്ചുകൂട്ടിയത്.

ബുധനാഴ്ച മുതല്‍ 30 ദിവസത്തേക്കാണ് പട്ടാളനിയമം നിലവില്‍വരിക. യു.എന്‍ സുരക്ഷാ കൌണ്‍സില്‍ യോഗത്തില്‍ റഷ്യക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച യു.എസ് അംബാസഡര്‍ നിക്കി ഹാലെ, റഷ്യന്‍ നടപടി യുക്രൈന്റെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും പറഞ്ഞു. എന്നാല്‍ യുക്രൈനാണ് സമുദ്രാതിര്‍ത്തി ലംഘിച്ചതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് റഷ്യ. വിഷയത്തില്‍ റഷ്യ കള്ളം പറയുകയാണെന്നും അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും റഷ്യ ഭീഷണി ഉയര്‍ത്തുകയാണെന്നും യുക്രൈന്‍ അംബാസിഡര്‍ സുരക്ഷാ കൌണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. റഷ്യന്‍ നടപടി ഒരിക്കലും ന്യായീകരിക്കാനാകാത്തതാണെന്നും കപ്പലുകള്‍ വിട്ടുനല്‍കണമെന്നും നാറ്റോ മേധാവി ജെന്‍സ് സ്റ്റോലന്‍ബര്‍ഗ് പറഞ്ഞു.

Adjust Story Font
16

