സിറിയന്‍ മേഖലയില്‍ സൈനിക നീക്കം ശക്തമാക്കി തുര്‍ക്കി
തുര്‍ക്കി ഭീകര സംഘടനയായി പരിഗണിക്കുന്ന കുര്‍ദ് സായുധ സംഘടന വൈ.പി.ജിയെ ലക്ഷ്യം വെച്ചാണ് സൈനിക നീക്കമെന്നാണ് സൂചന

സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന അമേരിക്കന്‍ പ്രഖ്യാപനത്തിനു പിന്നാലെ മേഖലയില്‍ സൈനിക നീക്കം ശക്തമാക്കി തുര്‍ക്കി. നേരത്തെ പ്രഖ്യാപിച്ച സൈനിക നടപടി അമേരിക്കന്‍ പ്രഖ്യാപനം വന്നതോടെ മാറ്റിവെക്കുന്നതായി തുര്‍ക്കി അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ സിറിയന്‍ അതിര്‍ത്തിയിലേക്ക് തുര്‍ക്കി സൈനിക വാഹനങ്ങള്‍ നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
തുര്‍ക്കി ഭീകര സംഘടനയായി പരിഗണിക്കുന്ന കുര്‍ദ് സായുധ സംഘടന വൈ.പി.ജിയെ ലക്ഷ്യം വെച്ചാണ് സൈനിക നീക്കമെന്നാണ് സൂചന. അമേരിക്ക സൈനിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കി പരിശീലിപ്പിക്കുന്ന വൈ.പി.ജി നിരോധിത ഭീകര സംഘടനയായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പോഷക സംഘടനയാണെന്നാണ് തുര്‍ക്കിയുടെ നിലപാട്. അതിര്‍ത്തി വഴി ഇവര്‍ രാജ്യത്തേക്ക് ആയുധം കടത്താറുണ്ടെന്നും തുര്‍ക്കി ആരോപിക്കുന്നു.
രാജ്യ സുരക്ഷക്ക് ഭീഷണിയാകും വിധം അതിര്‍ത്തിയില്‍ ശക്തിയാര്‍ജിക്കുന്ന വൈ.പി.ജിക്കെതിരെ തുര്‍ക്കി സൈനിക നടപടിയെക്കുന്നതിനിടെയാണ് സൈന്യത്തെ പിന്‍വലിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ ടെലഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ട്രംപ് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അമേരിക്കന്‍ പ്രഖ്യാപനം വന്നതോടെ സൈനിക നടപടി മാറ്റിവെക്കുന്നതായി തുര്‍ക്കി അറിയിച്ചു. എന്നാല്‍ ഈ പ്രഖ്യാപനം നിലനില്‍ക്കെ തന്നെ ഇന്നലെ മുതല്‍ സിറിയന്‍ അതിര്‍ത്തി ലക്ഷ്യം വെച്ച് സൈനിക വാഹനങ്ങള്‍ നീങ്ങുകയാണ്. കവചിത വാഹനങ്ങളും ട്രക്കുകളും കമാന്റോ വാഹനങ്ങളുമെല്ലാമടങ്ങുന്നതാണ് തുര്‍ക്കി സൈനിക വ്യൂഹം. അതേസമയം, സൈനിക നീക്കം സംബന്ധിച്ച് തുര്‍ക്കിയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
Adjust Story Font
16

