Quantcast

പാകിസ്താനിൽ സെന്‍സർഷിപ്പ് നിയമങ്ങൾ കര്‍ശനമാക്കി

മാധ്യമങ്ങളുടെ വിമർശനാത്മകമായ ഇടപെടലുകൾക്കാണ് നിയന്ത്രണം. രാജ്യത്തെ വെബ്സൈറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്

MediaOne Logo

Web Desk

  • Published:

    27 Dec 2018 10:17 AM IST

പാകിസ്താനിൽ സെന്‍സർഷിപ്പ് നിയമങ്ങൾ കര്‍ശനമാക്കി
X

പാകിസ്താനിൽ സെന്‍സർഷിപ്പ് നിയമങ്ങൾ കര്‍ശനമാക്കി. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ രംഗത്തെത്തി. സൈന്യവും രഹസ്യാന്വേഷണ ഏജൻസിയും പാകിസ്താനില്‍ മാധ്യമസ്ഥാപനങ്ങൾക്കുമേൽ സമ്മർദ്ദം ശക്തമാക്കുകയാണ്. മാധ്യമങ്ങളുടെ വിമർശനാത്മകമായ ഇടപെടലുകൾക്കാണ് നിയന്ത്രണം.

രാജ്യത്തെ വെബ്സൈറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അഫ്ഗാന്‍ അതിർത്തി പ്രദേശങ്ങളിലെ സൈന്യത്തിനെതിരായപ്രതിഷേധം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വോയ്സ് ഓഫ് അമേരിക്കയുടെ വെബ്സൈറ്റ് അടച്ചുപൂട്ടിയത്.

പുതുതായി അധികാരത്തിലേറിയ ഇമ്രാൻഖാന്‍ സർക്കാർ ബജറ്റിൽ പരസ്യങ്ങളുടെ വിഹിതം വെട്ടിക്കുറച്ചതോടെ വലിയ തിരിച്ചടിയാണ് രാജ്യത്തെ മാധ്യമസ്ഥാപനങ്ങൾ നേരിട്ടത്. സർക്കാർ പരസ്യങ്ങൾ സ്വകാര്യ പത്ര-ദൃശ്യമാധ്യമങ്ങളുടെ പ്രധാന വരുമാന സ്രോതസ്സാണ്. ഏറ്റവും മോശപ്പെട്ട സെന്‍സർഷിപ്പ് കാലത്തിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്നാണ് മാധ്യമപ്രവർത്തകരുടെ വിലയിരുത്തൽ. ഭരണകൂടത്തെ ഭയന്ന് സ്വയം നിയന്ത്രിക്കുക എന്ന് രീതിയാണ് മാധ്യമങ്ങൾ പിന്തുടരുന്നത്.

എന്താണ് ഭരണകൂടത്തെ അലോസരപ്പെടുത്തുക എന്ന് പറയാനാവില്ല എന്നതാണ് അവസ്ഥയെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ക്വാസി സലാലുദ്ദീന്‍ പ്രതികരിച്ചു. സാമൂഹ്യമാധ്യമങ്ങളെയും സർക്കാർ ലക്ഷ്യമിട്ടു കഴിഞ്ഞു. അക്കൌണ്ടുകൾ പ്രവർത്തനരഹിതമാക്കാന്‍ ട്വിറ്ററിനും ഫേസ്ബുക്കിനും നിർദേശം നൽകിയിട്ടുണ്ട്. സൈന്യത്തെ വിമർശിക്കുന്നത് മുതൽ മതനിന്ദ വരെയുള്ള കാരണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്.

എന്നാൽ പാകിസ്താനില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന പരാമർശങ്ങളെ വാർത്തവിനിമയ മന്ത്രി ഫവാദ് ചൌധരി നിഷേധിച്ചു. കലാപങ്ങൾ ചെറുക്കുമാത്രമാണ് ലക്ഷ്യമെന്നാണ് മന്ത്രിയുടെ വിശദീകരണം.

TAGS :

Next Story