ട്രംപിന്‍റെ അപ്രതീക്ഷിത ഇറാഖ് സന്ദര്‍ശനം; കടുത്ത എതിര്‍പ്പുമായി രാഷ്ട്രീയ പാര്‍ട്ടികള്‍
ക്രിസ്മസ് ദിനത്തിലാണ് ഇറാഖിലെ അമേരിക്കന്‍ സൈനികര്‍ക്ക് അപ്രതീക്ഷിത ക്രിസ്തുമസ് സമ്മാനവുമായി ട്രംപും ഭാര്യ മെലാനിയയും ഇറാഖില്‍ പറന്നിറങ്ങിയത്

യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത സന്ദര്‍ശനം തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്ന് ഇറാഖിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. ഇറാഖില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കണമെന്നും ഇറാഖ് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ട്രംപിന്റെ സന്ദര്‍ശനം ഇറാഖിന്റെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്ന് ഇറാഖിലെ ഭരണ പ്രതിപക്ഷമുള്‍പെടെ മുഴുവന്‍ രാഷ്ട്രീയ സംഘടനകളുടെയും വിലയിരുത്തല്‍. ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ പാര്‍ലമെന്റിന്റെ അടിയന്തര യോഗം വിളിക്കണമെന്നാണ് പാര്‍ട്ടികളുടെ നിലപാട്. ട്രംപിന്റെ ഭാഗത്തു നിന്നുള്ള ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടതു ചെയ്യണമെന്ന് പ്രമുഖ ശിയാ രാഷ്ട്രീയ പാര്‍ട്ടിയായ ഇസ്‍ലാഹിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്വബാഹ് അല്‍ സാദി പറഞ്ഞു.
ക്രിസ്മസ് ദിനത്തിലാണ് ഇറാഖിലെ അമേരിക്കന്‍ സൈനികര്‍ക്ക് അപ്രതീക്ഷിത ക്രിസ്തുമസ് സമ്മാനവുമായി ട്രംപും ഭാര്യ മെലാനിയയും ഇറാഖില്‍ പറന്നിറങ്ങിയത്. ബഗ്ദാദിനു പടിഞ്ഞാറുള്ള അൽ അസദ് എയർ ബേസില്‍ സൈനികരോട് ട്രംപ് പ്രഭാഷണം നടത്തുകയും ചെയ്തു. ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും പിന്നീടത് റദ്ദാക്കി. സുരക്ഷാ കാരണങ്ങളാലാണ് റദ്ദാക്കിയതെന്നാണ് വിശദീകരണം, ഇറാഖില്‍ നിന്നും അമേരിക്കയുടെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയും ഇറാഖിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
Adjust Story Font
16

