ഇസ്‍ലാം മതത്തെ തദ്ദേശവത്കരിക്കുന്ന നിയമം പാസാക്കി ചൈന
പുതിയ നിയമപ്രകാരം സോഷ്യലിസത്തോട് ചേര്‍ന്നു പോകുന്ന തരത്തില്‍ ഇസ്‍ലാമിക നിയമ സംഹിതകളെ മാറ്റിയെഴുതാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകും.

ഇസ്‍ലാം മതത്തെ തദ്ദേശവത്കരിക്കുന്ന നിയമം പാസാക്കി ചൈന. ചൈനീസ് മുസ്‍ലിംകളില്‍ ചൈനീസ് സംസ്കാരവും മൂല്യങ്ങളും പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈന ഇസ്‍ലാമിനെ ചൈനീസ്‍വത്കരിക്കാനുള്ള നിയമം കൊണ്ടുവരുന്നത്. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാങ് പ്രവിശ്യയില്‍ ഉയ്ഗൂര്‍ വംശജരായ മുസ്‍ലിംകളെ അനിധികൃത തടവില്‍ പാര്‍പ്പിക്കുന്നുവെന്ന് ആരോപണം യു.എന്‍ ഉള്‍പ്പടെ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ചൈനയുടെ നിയമനിര്‍മാണം.

പുതിയ നിയമപ്രകാരം സോഷ്യലിസത്തോട് ചേര്‍ന്നു പോകുന്ന തരത്തില്‍ ഇസ്‍ലാമിക നിയമ സംഹിതകളെ മാറ്റിയെഴുതാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകും. രാജ്യത്തെ എട്ട് ഇസ്‍ലാമിക സംഘടനകളുമായി ആലോചിച്ച ശേഷമാണ് നിയമനിര്‍മാണത്തിലേക്ക് നീങ്ങിയത് എന്നാണ് ഔദ്യോഗിക വിശദീകരണം. മത പണ്ഡിതന്മാര്‍ തീരുമാനത്തെ അനുകൂലിച്ചു എന്ന് ഭരണകൂടം അവകാശപ്പെടുന്നു. എന്നാല്‍ ആരോടാണ് കൂടിയാലോചിച്ചതെന്ന് ചൈന വ്യക്തമാക്കുന്നില്ല. നിയമം അഞ്ചു വര്‍ഷത്തിനകം പൂര്‍ണാര്‍ഥത്തില്‍ പ്രാബല്യത്തിലാക്കാനാണ് തീരുമാനം.

നമസ്കാരം നിര്‍വഹിക്കുന്നതിനും വ്രതം അനുഷ്ടിക്കുന്നതിനും ഹിജാബ് ധരിക്കുന്നതിനുമെല്ലാം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ തന്നെ വിലക്കുണ്ട്. സിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗൂര്‍ മുസ്‍ലിംകളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ക്ക് സമാനമായ തടവറകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അമേരിക്കയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ആരോപണമുയര്‍ത്തിയിരുന്നു. ഇത്തരം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പത്ത് ലക്ഷത്തോളം ഉയ്ഗൂര്‍ മുസ്‍ലിംകളുണ്ടെന്ന് അവിടെ നിന്ന് പുറത്തെത്തിയ ശേഷം ചൈന വിട്ടവര്‍ വെളിപ്പെടുത്തിയിരുന്നു.
Adjust Story Font
16

