ഖത്തറില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് അഫ്ഗാന്‍ താലിബാന്‍ പിന്‍മാറി

ഖത്തറില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് അഫ്ഗാന്‍ തീവ്രവാദ സംഘടനയായ താലിബാന്‍ പിന്‍മാറി. ബുധനാഴ്ച നടക്കാനിരുന്ന യോഗത്തിന്റെ അജണ്ടയില്‍ പ്രതിഷേധിച്ചാണ് പിന്‍മാറ്റമെന്നാണ് സംഘടനയുടെ പ്രതികരണം.
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ബുധനാഴ്ച നടക്കാനിരുന്ന രണ്ടു ദിവസത്തെ സമാധാന ചര്‍ച്ചകളില്‍ നിന്നാണ് താലിബാന്‍ ഏകപക്ഷീയമായി പിന്‍മാറിയത്. അമേരിക്കയും താലിബാനും തമ്മില്‍ നടത്തിവരുന്ന സമാധാന ചര്‍ച്ചകളുടെ നാലാംഘട്ടത്തിലാണ് താലിബാന്റെ പിന്‍മാറ്റം. ആദ്യ മൂന്ന് ഘട്ട ചര്‍ച്ചകളും വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. യോഗത്തിന്റെ അജണ്ടയില്‍ പ്രതിഷേധിച്ചാണ് ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുന്നതെന്നാണ് താലിബാന്റെ ഔദ്യോഗിക പ്രതികരണമെങ്കിലും, ചര്‍ച്ചയില്‍ അഫ്ഗാന്‍ സര്‍ക്കാറിനെ പങ്കെടുപ്പിക്കാനുള്ള നീക്കമാണ് സംഘടനയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. പ്രസിഡന്റ് അശ്റഫ് ഗനിയുടെ നേതൃത്വത്തിലുള്ള അഫ്ഗാന്‍ സര്‍ക്കാറിനെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാന്‍ മുന്പും പലതവണ ശ്രമങ്ങളുണ്ടായിരുന്നെങ്കിലും താലിബാന്റെ ശക്തമായ എതിര്‍പ്പില്‍ പരാജയപ്പെടുകയായിരുന്നു.
താലിബാനെ അട്ടിമറിച്ച് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ അമേരിക്കയുടെ പാവ ഭരണകൂടമാണെന്നാണ് താലിബാന്റെ വാദം. സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുന്നതോടെ അഫ്ഗാനിലെ അമേരിക്കന്‍ സൈന്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമെതിരായ താലിബാന്‍ ആക്രമണങ്ങള്‍ ശക്തിയാര്‍ജിക്കുമെന്നാണ് വിലയിരുത്തല്‍.
Adjust Story Font
16

