‘നിങ്ങളെ കാണാന്‍ ഭീതിയുളവാക്കുന്നു’; ജനിച്ച കുഞ്ഞിനെ കാണാന്‍ ആശുപത്രി അധികൃതര്‍ മുസ്‍ലിം കുടുംബത്തെ അനുവദിച്ചില്ല

കാണാന്‍ ഭീതിയുളവാക്കുന്നെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതര്‍ ജനിച്ച കുഞ്ഞിനെ കാണാന്‍ മുസ്‍ലിം കുടുംബത്തെ അനുവദിച്ചില്ല. അമേരിക്കയിലെ വിര്‍ജീനിയ ആശുപത്രിയിലാണ് അധികൃതര്‍ മോശമായി മുസ്‍ലിം കുടുംബത്തോട് പെരുമാറിയത്.
‘നിങ്ങളെ ഇവിടെ ആർക്കും കാണേണ്ടതില്ല നിങ്ങളെ കാണാൻ ഭീതിയുളവാക്കുന്നു’ എന്ന് ആക്രോശിച്ചു കൊണ്ടാണ് ജനിച്ച കുഞ്ഞിന്റെ പിതൃ സഹോദരിയായ അര്‍വ സഹറിനെ ആശുപത്രി അധികൃതര്‍ തടഞ്ഞു വെച്ചത്. ‘ഞാന്‍ പേടിച്ചു പോയി, അയാള്‍ ശരിക്കും അങ്ങനെ പറഞ്ഞോ എന്ന് വരെ ചിന്തിച്ചു’; അര്‍വ സഹര്‍ പേടിയോടെ തന്നെ സംഭവം ഓര്‍ത്തെടുത്തു. സ്ത്രീകളായ തങ്ങള്‍ നിഖാബാണ് ധരിച്ചിരുന്നതെന്നും അതാണ് ഇങ്ങനെയൊരു ദുരനുഭവത്തിന് കാരണമെന്ന് വിശ്വസിക്കുന്നതായി കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിന് ശേഷം പിറകിലെ കോണിപടി വഴി കുഞ്ഞിനെ കാണാന്‍ ശ്രമിച്ച പിതാവിനെ സെക്യൂരിറ്റി തടയുകയും ഹെഡ് നേഴ്സിനെ വിളിക്കുകയും ചെയ്തതായി കുടുംബം കുറ്റപ്പെടുത്തുന്നു. യഥാര്‍ത്ഥ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ മാതാവിനെ ഭീഷണിപ്പെടുത്തിയതായും പരാതിയിലൂടെ കുടുംബം പറയുന്നു. ‘മിണ്ടി പോകരുത്, അല്ലെങ്കില്‍ ഇവിടുന്ന് ഇറക്കിവിടും’ എന്ന രൂപത്തിലാണ് ആശുപത്രി അധികൃതര്‍ സംസാരിച്ചത്. നിങ്ങളെ ഇവിടെ ആര്‍ക്കും ആവശ്യമില്ല എന്ന് രോഷത്തോടെ പറഞ്ഞ ഹെഡ് നേഴ്സ് ഉടനെ പൊലീസിനെ വിളിച്ചതായും പരാതിയില്‍ കുടുംബം ആരോപിക്കുന്നുണ്ട്. സത്യാവസ്ഥ പൊലീസിനോട് പറഞ്ഞ കുടുംബത്തെ അവര്‍ സഹായിച്ചെന്നും ആശുപത്രിക്കെതിരെ പരാതി എഴുതി നല്‍കിയെന്നും കുടുംബം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Adjust Story Font
16

