നെയ്റോബിയിലെ കെട്ടിട സമുച്ചയത്തില്‍ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി
അൽ ഷബാബ് എന്ന ഭീകര സംഘടനയാണ് ബുധനാഴ്ച നെയ്റോബിയിലെ ഹോട്ടല്‍ സമുച്ചയത്തില്‍ ആക്രമണം നടത്തിയത്.

കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ഹോട്ടല്‍ സമുച്ചയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. 19 പേരെ കാണാതായി. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.
അൽ ഷബാബ് എന്ന ഭീകര സംഘടനയാണ് ബുധനാഴ്ച നെയ്റോബിയിലെ ഹോട്ടല്‍ സമുച്ചയത്തില്‍ ആക്രമണം നടത്തിയത്. കറുത്ത വസ്ത്രമണിഞ്ഞ നാല് പേര്‍ ഹോട്ടലിലേക്ക് പ്രവേശിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇവരെല്ലാവരെയും 20 മണിക്കൂറോളം നീണ്ട പോരാട്ടത്തിനു ശേഷം വധിച്ചതായി കെനിയൻ പ്രസിഡന്റ് ഉഹുറു കെന്യാട്ട അറിയിച്ചു.
101 മുറികളുള്ള ഹോട്ടൽ, ഭക്ഷണശാല, സ്പാ, ഓഫിസ് കെട്ടിടങ്ങൾ എന്നിവയടങ്ങിയ കെട്ടിടസമുച്ചയത്തിലാണ് ആക്രമണമുണ്ടായത്. എഴുനൂറോളം പേരെ ഇവിടെനിന്നു സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരായ പ്രതികരണമാണ് ആക്രമണമെന്ന് അൽ ഷബാബ് അറിയിച്ചു. ആക്രമണത്തിന്‍റെ സൂത്രധാരികള്‍ എന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
2011ൽ ഭീകരരെ നേരിടാൻ സോമാലിയയിലേക്ക് സൈന്യത്തെ അയച്ചതു മുതൽ കെനിയക്കെതിരെ അൽ ഷബാബ് ആക്രമണം നടത്തിവരികയാണ്. 2013ൽ വെസ്റ്റ്ഗേറ്റ് ഷോപ്പിങ് കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ 67 പേർ കൊല്ലപ്പെട്ടിരുന്നു.
Adjust Story Font
16

