Quantcast

ഉത്തരകൊറിയന്‍ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എസ്.ഐ.എസ് എന്ന കേന്ദ്രമാണ് സിനോ-റി എന്ന മിസൈല്‍ കേന്ദ്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

MediaOne Logo

Web Desk

  • Published:

    23 Jan 2019 2:20 AM GMT

ഉത്തരകൊറിയന്‍ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍
X

ഉത്തരകൊറിയന്‍ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എസ്.ഐ.എസ് എന്ന കേന്ദ്രമാണ് സിനോ-റി എന്ന മിസൈല്‍ കേന്ദ്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട് ഉത്തര കൊറിയ- അമേരിക്ക രണ്ടാംഘട്ട ചര്‍ച്ചകള്‍ ഉടനുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.

ഉത്തര കൊറിയയില്‍ 20 അപ്രഖ്യാപിത ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതില്‍ മിസൈല്‍ ഹെഡ്ക്വാര്‍ട്ടേഴ്സായി പ്രവര്‍ത്തിക്കുന്ന സിനോ-റി ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രത്തെ കുറിച്ചാണ് പുതിയ വെളിപ്പെടുത്തല്‍. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സിനോ-റി മിസൈല്‍ കേന്ദ്രത്തില്‍ നോഡോങ് മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും സി.എസ്.ഐ.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‌

ആണവനിര്‍വ്യാപനം സംബന്ധിച്ച് ഉത്തരകൊറിയയും അമേരിക്കയും ഫെബ്രുവരി അവസാനം രണ്ടാംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് അപ്രഖ്യാപിത മിസൈല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. ജൂണില്‍ ഇരുരാജ്യങ്ങളിലേയും നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ആണവനിര്‍വ്യാപനത്തിന് കിം ജോങ് ഉന്‍ മുന്നിട്ടിറങ്ങിയിരുന്നു. എന്നാല്‍ അത് ഇരട്ടത്താപ്പാണെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവങ്ങള്‍. സി.എസ്.ഐ.എസിന്റെ റിപ്പോര്‍ട്ടിനോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

നവംബറിലാണ് സി.എസ്.ഐ.എസ് 20 അപ്രഖ്യാപിത മിസൈല്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയത്. ഉത്തരകൊറിയയുടെ 212 വടക്ക് മാറി സൈനികസാന്നിധ്യം ഇല്ലാത്ത മേഖലയിലാണ് സിനോ-റി സ്ഥിതി ചെയ്യുന്നത്. കേന്ദ്രം 18 സ്ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്. ദക്ഷിണ കൊറിയ, ജപ്പാന്‍, യു.എസ് അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാന്‍ ശേഷിയുണ്ട് സിനോ-റി കേന്ദ്രത്തിന്.

TAGS :

Next Story