സെെന്യം രാഷ്ട്രിയത്തില്‍ ഇടപെടേണ്ടതില്ലെന്ന് പാക് കോടതി
പാകിസ്ഥാന്‍ ഭരണത്തില്‍ സര്‍ക്കാരിനൊപ്പം പലപ്പോഴും സൈന്യവും മുഖ്യ പങ്ക് വഹിക്കാറുണ്ട്

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതില്‍ പാക് സൈന്യത്തിന് സുപ്രീംകോടതിയുടെ വിലക്ക്. ഐ.എസ്.ഐ പോലുള്ള സംഘടനകള്‍ നിയമത്തിനകത്ത് നിന്ന് പ്രവര്‍ത്തിക്കണണമെന്നും കോടതി ഉത്തരവിട്ടു. ഭീകരവാദ, വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു.
2017ല്‍ തീവ്രവലതുപക്ഷ പാര്‍ട്ടിയായ തെഹ്‌രീക് ഇ ലബൈക്ക് റോഡ് ഉപരോധിച്ച് നടത്തിയ ധര്‍ണയുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍.
സൈന്യം, ഐ.എസ്.ഐ തുടങ്ങി സര്‍ക്കാര്‍ ഏജന്‍സികളെല്ലാം നിയമത്തിനകത്ത് നിന്ന് പ്രവര്‍ത്തിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സൈന്യത്തിലുള്ളവര്‍ എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പാടില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ ഒരു തരത്തിലും പിന്തുണക്കരുത്.
വെറുപ്പും തീവ്രവാദവും ഭീകരവാദവും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇതില്‍ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ കര, നാവിക, വ്യോമ സേനാ മേധാവികളോട് നടപടിയെടുക്കാന്‍ പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെടാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഖാളി ഫായിസ് ഈസ, ജസ്റ്റിസ് മുഷീര്‍ ആലം എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
എന്നാല്‍ പാകിസ്ഥാന്‍ ഭരണത്തില്‍ സര്‍ക്കാരിനൊപ്പം പലപ്പോഴും സൈന്യവും മുഖ്യ പങ്ക് വഹിക്കാറുണ്ട്. രാജ്യം സ്വാതന്ത്ര്യമായതിന് ശേഷം നിരവധി തവണ സൈന്യം അട്ടിമറി നടത്തി അധികാരം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ജയിച്ച് പ്രധാനമന്ത്രിയായ ഇംറാൻ ഖാന് സൈന്യത്തിെൻറ ശക്തമായ പിന്തുണയുണ്ടായിരുന്നതായി ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തില്‍ പാകിസ്ഥാനില്‍ വിധി എങ്ങനെ സ്വാധിനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. 2012 ലും രാഷ്ട്രീയത്തില്‍ സൈന്യത്തിന്റെ ഇടപെടലിനെതിരെ പാക് കോടതി രംഗത്ത് വന്നിരുന്നു.
Adjust Story Font
16

