ഫുട്ബോള്‍ താരം ഹക്കീം അല്‍ അറയ്ബിയെ തായ്‌ലാന്‍ഡ് സര്‍ക്കാര്‍ മോചിപ്പിച്ചു
തായ്‌ലാന്‍ഡില്‍ തടവിലായിരുന്ന ബഹ്റൈന്‍ ഫുട്ബോള്‍ താരം ഹക്കീം അല്‍ അറയ്ബിയെ തായ്‌ലാന്‍ഡ് സര്‍ക്കാര്‍ മോചിപ്പിച്ചു.

തായ്‌ലാന്‍ഡില്‍ തടവിലായിരുന്ന ബഹ്റൈന്‍ ഫുട്ബോള്‍ താരം ഹക്കീം അല്‍ അറയ്ബിയെ തായ്‌ലാന്‍ഡ് സര്‍ക്കാര്‍ മോചിപ്പിച്ചു. താരത്തിനെതിരായ വിവാദ കേസ് ബഹ്റൈന്‍ അധികാരികള്‍ പിന്‍വലിച്ചതോടെയാണ് തായ്‌ലാന്‍ഡ് നടപടി. ബഹ്റൈന്‍ ഭരണകൂടത്തിന്‍റെ കടുത്ത വിമര്‍ശകന്‍ കൂടിയായിരുന്ന ഹക്കീം അല്‍ അറയ്ബിക്കെതിരെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതിന് ബഹ്റൈനില്‍ കേസ് നിലവിലുണ്ടായിരുന്നു. 2014ല്‍ ആസ്ട്രേലിയയില്‍ രാഷ്ട്രീയ അഭയം നേടിയ അല്‍ അറയ്ബിക്കെതിരെ ബഹ്റൈന്‍ സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതോടെയാണ് തായ്‌ലാന്‍ഡ് സന്ദര്‍ശനവേളയില്‍ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷന്‍ അക്രമിച്ചകേസില്‍ ഇദ്ദേഹത്തെ പത്ത് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച അല്‍ അറയ്ബി തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചു. ബഹ്റൈന്‍ സര്‍ക്കാറിന് കൈമാറിയാല്‍ അറയ്ബി ക്രൂര പീഡനങ്ങള്‍ക്ക് ഇരയാവേണ്ടി വരുമെന്ന് മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നല്‍കി.
ഫിഫ, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി, ആസ്ട്രേലിയന്‍ സര്‍ക്കാര്‍, വിവധ ഫുട്ബോള്‍ താരങ്ങള്‍ തുടങ്ങിയവരും താരത്തിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നു. മുന്‍ ആസ്ട്രേലിയന്‍ ഫുട്ബോള്‍ താരം ക്രെയ്ഗ് ഫോസ്റ്ററുടെ നേതൃത്വത്തില്‍ അറയ്ബിയുടെ മോചനത്തിനായി ശക്തമായ സമരങ്ങളുമുണ്ടായി. ഇതോടെയാണ് ബഹ്റൈന്‍ സര്‍ക്കാര്‍ താരത്തിനെതിരായ കേസ് പിന്‍വലിക്കാന്‍ തയ്യാറായത്.
Adjust Story Font
16

