Quantcast

മൈക്കല്‍ കാൽവെക്കെതിരെ റഷ്യ വഞ്ചനാക്കുറ്റം ചുമത്തി

റഷ്യന്‍ ധനകാര്യ സ്ഥാപനമായ വോസ്റ്റോചെനി എക്സ്പ്രസ് ബാങ്കില്‍ നിന്നും പണം അപഹരിച്ചെന്നാണ് കാല്‍വെക്കെതിരായ കേസ്

MediaOne Logo

Web Desk

  • Published:

    22 Feb 2019 8:24 AM IST

മൈക്കല്‍ കാൽവെക്കെതിരെ റഷ്യ വഞ്ചനാക്കുറ്റം ചുമത്തി
X

അമേരിക്കന്‍ നിക്ഷേപകനും നിക്ഷേപക കമ്പനിയായ ബാരിങ് വോസ്റ്റോകിന്റെ സ്ഥാപകനുമായ മൈക്കല്‍ കാൽവെക്കെതിരെ റഷ്യ വഞ്ചനാക്കുറ്റം ചുമത്തി. 38 മില്ല്യണ്‍ ഡോളറിന്റെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. അമേരിക്കയുടെയും റഷ്യയുടെയും നയതന്ത്രബന്ധത്തിൽ ഈ അറസ്റ്റോടെ വിള്ളലുണ്ടായേക്കുമെന്നാണ് സൂചന.

റഷ്യന്‍ ധനകാര്യ സ്ഥാപനമായ വോസ്റ്റോചെനി എക്സ്പ്രസ് ബാങ്കില്‍ നിന്നും പണം അപഹരിച്ചെന്നാണ് കാല്‍വെക്കെതിരായ കേസ്. വോസ്റ്റോചെനി എക്സ്പ്രസിൽ പകുതിയോളം ഓഹരി ബാരിങ് വോസ്റ്റോകിന്റേതാണ്. വോസ്റ്റോചെനി എക്സ്പ്രസും ബാരിങ് വോസ്റ്റോക്കും തമ്മിലുള്ള തർക്കത്തിൽ താന്‍ ഇരയാവുകയായിരുന്നെന്നാണ് കാല്‍വെയുടെ വിശദീകരണം. അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ആരോപണമുണ്ട്.

അറസ്റ്റ് ചെയത് ഒരാഴ്ച കഴിഞ്ഞിട്ടും കാൽവെയുമായുള്ള കൂടിക്കാഴ്ചക്ക് യു.എസ് നയതന്ത്ര ഉദ്യോഗസ്ഥർക്ക് റഷ്യ അവസരം നൽകിയില്ലെന്ന് അമേരിക്കന്‍ എംബസി ആരോപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടി പ്രകാരം നാല് ദിവസത്തിനുള്ളിൽ പ്രതിനിധിക്ക് പ്രതിയെ സമീപിക്കാനുള്ള അവസരം ഒരുക്കേണ്ടതുണ്ട്. അടിയന്തരമായി കാൽവെയെ സമീപിക്കാനുള്ള അവസരം ഉണ്ടാവണമെന്നാണ് അമേരിക്കയുടെ ആവശ്യം.

കാല്‍വെയെ കൂടതെ മറ്റ് അഞ്ച് പേരെ കൂടി റഷ്യ വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ആറു പേരും വീട്ടുതടങ്കലിൽ തുടരുകയാണ്. വിചാരണ നടക്കുന്ന ഏപ്രിൽ 13 വരെ കാൽവെ കസ്റ്റഡിയില്‍ തുടരണമെന്നാണ് മോസ്കോ കോടതിയുടെ ഉത്തരവ്

TAGS :

Next Story