വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു
സൈന്യത്തിന്റെ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അതിനിടെ പ്രസിഡന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും..

വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ബ്രസീല്‍ അതിര്‍ത്തി അടക്കുന്നത് തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അതിനിടെ പ്രസിഡന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംഗീത നിശ നടന്നു.
രാജ്യത്തേക്ക് സഹായമെത്തിക്കുന്നത് തടയുന്നതിനായാണ് പ്രസിഡന്റ് നിക്കോളസ് മദൂറോ ബ്രസീല്‍ അതിര്‍ത്തി അടച്ചത്. ഇത് നടപ്പിലാക്കാനെത്തിയ സൈന്യത്തെ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സൈന്യത്തിന്റെ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അതിനിടെ പ്രസിഡന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കഴിഞ്ഞ ദിവസം രണ്ട് സംഗീത നിശകള്‍ നടന്നു.
പ്രതിപക്ഷ നേതാവ് യുവാന്‍ ഗെയ്ദോയെ അനുകൂലിച്ചുള്ള പരിപാടി നടന്നത് വെനസ്വേലക്ക് തൊട്ടടുത്തുള്ള കൊളംബിയന്‍ പ്രദേശത്തായിരുന്നു. ബ്രിട്ടീഷ് വ്യവസായിയായ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണാണ് വെനസ്വേല എയിഡ് ലൈവ് കണ്‍സേര്‍ട്ട് എന്ന പരിപാടിക്ക് നേതൃത്വം നല്‍കിയത്. പരിപാടിയില്‍ നിന്നും ലഭിക്കുന്ന പണം ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഉപയോഗിക്കാനാണ് തീരുമാനം.
ഈ സ്ഥലത്ത് നിന്നും 300 മീറ്റര്‍ മാറി വെനസ്വേലന്‍ അതിര്‍ത്തിക്കകത്തായിരുന്നു പ്രസിഡന്റിനെ അനുകൂലിക്കുന്നവരുടെ ഹാന്‍ഡ്സ് ഓഫ് വെനസ്വേല കണ്‍സേര്‍ട്ട് നടന്നത്. അതേസമയം വെനസ്വേലയില്‍ അസ്ഥിരതയുണ്ടാക്കുന്നതിനായി അമേരിക്ക പ്രതിപക്ഷത്തിന് ആയുധം നല്‍കുകയാണെന്ന് റഷ്യ ആരോപിച്ചു. വെനസ്വേലയിലേക്ക് നിര്‍ബന്ധിച്ച് സഹായം എത്തിക്കേണ്ട ആവശ്യമില്ലെന്ന് ചൈനയും പ്രതികരിച്ചു.
Adjust Story Font
16

