വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി; പരിഹാരം നീളുന്നു
വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹാരമാകാതെ നീളുന്നു. പ്രശ്നപരിഹാരത്തിന് അമേരിക്ക സൈനിക വിന്യാസം ഉള്‍പ്പടെയുള്ള വഴികള്‍ സ്വീകരിച്ചേക്കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സൂചന നല്‍കി.

വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹാരമാകാതെ നീളുന്നു. പ്രശ്നപരിഹാരത്തിന് അമേരിക്ക സൈനിക വിന്യാസം ഉള്‍പ്പടെയുള്ള വഴികള്‍ സ്വീകരിച്ചേക്കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സൂചന നല്‍കി. എന്നാല്‍ സൈനിക വിന്യാസം ഒഴികെയുള്ള സമ്മര്‍ദ്ദ രീതികള്‍ക്ക് മാത്രമേ തങ്ങള്‍ പിന്തുണ നല്‍കുകയുള്ളൂവെന്ന് ബ്രസീല്‍ വ്യക്തമാക്കി. അതേസമയം വെനസ്വേലയുടെ അതിര്‍ത്തിയില്‍ പ്രക്ഷോഭകരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
വെനസ്വേലയിലെ പ്രതിപക്ഷ നേതാവും സ്വയം പ്രഖ്യാപിത ഇടക്കാല പ്രസിഡന്റുമായ യുവാന്‍ ഗെയ്ദോയുമായി കൊളംബിയയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമുള്ള പ്രസ്താവനയിലാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ്, സൈനിക നടപടിയെക്കുറിച്ചുള്ള സൂചന നല്‍കിയത്. വെനസ്വേല സമാധാനപരമായ രീതിയില്‍ ജനാധിപത്യത്തിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും, എന്നാല്‍ പ്രശ്നപരിഹാരത്തിന് എല്ലാവഴികളും മുന്നിലുണ്ടെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു പെന്‍സിന്റെ പ്രതികരണം.
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെ താഴെയിറക്കാന്‍ വേണ്ടിവന്നാല്‍ സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന് ഡോണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. വെനസ്വേലക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളോട് വെനസ്വേലയുമായുള്ള എണ്ണ വ്യാപാരം നിര്‍ത്തിവയ്ക്കാനും പെന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സൈനിക നടപടിയൊഴികെയുള്ള സമ്മര്‍ദ്ദ രീതികള്‍ക്ക് മാത്രമേ പിന്തുണ നല്‍കുകയുള്ളൂവെന്ന് ബ്രസീല്‍ വ്യക്തമാക്കി, ബ്രസീലില്‍ നിന്നും വെനസ്വേലയില്‍ സൈനിക ഇടപെടല്‍ നടത്താന്‍ അമേരിക്കയെ അനുവദിക്കില്ലെന്ന് ബ്രസീല്‍ വൈസ് പ്രസിഡന്റ് പറഞ്ഞു.
അതേസമയം അതിര്‍ത്തി പ്രദേശത്ത് പ്രക്ഷോഭകരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. വെടിവെപ്പില്‍ നാല് പേര്‍ മരിക്കുകയും, മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബ്രസീലും കൊളംബിയയുമായുള്ള അതിര്‍ത്തി വെനസ്വേല അടച്ചതിന് ശേഷമാണ് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനസ്വേലയിലേക്ക് അയല്‍ രാജ്യങ്ങളില്‍ നിന്നെത്തിച്ച ദുരിതാശ്വാസ സാമഗ്രികള്‍ അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുകയാണ്. വിലക്ക് അവഗണിച്ച് ദുരിതാശ്വാസ സാമഗ്രികള്‍ കൈപ്പറ്റുന്നതിനായി പ്രക്ഷോഭകര്‍ ശ്രമിച്ചതാണ് വെടിവെപ്പില്‍ കലാശിച്ചത്.
Adjust Story Font
16

