Quantcast

അമേരിക്ക-താലിബാന്‍ അവസാനഘട്ട ചര്‍ച്ചകള്‍ക്കൊരുങ്ങി ദോഹ

അമേരിക്ക-താലിബാന്‍ അവസാനഘട്ട ചര്‍ച്ചകള്‍ക്കൊരുങ്ങുകയാണ് ഖത്തര്‍ തലസ്ഥാനമായ ദോഹ. താലിബാന്‍ നേതാവ് മുല്ല അബ്ദുല്‍ ഗനി ദോഹയിലെത്തി.

MediaOne Logo

Web Desk

  • Published:

    26 Feb 2019 8:31 AM IST

അമേരിക്ക-താലിബാന്‍ അവസാനഘട്ട ചര്‍ച്ചകള്‍ക്കൊരുങ്ങി ദോഹ
X

അമേരിക്ക-താലിബാന്‍ അവസാനഘട്ട ചര്‍ച്ചകള്‍ക്കൊരുങ്ങുകയാണ് ഖത്തര്‍ തലസ്ഥാനമായ ദോഹ. താലിബാന്‍ നേതാവ് മുല്ല അബ്ദുല്‍ ഗനി ദോഹയിലെത്തി. അഫ്ഗാനിസ്ഥാനില്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടി ചര്‍ച്ചയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം 6 ദിവസം നീണ്ടുനിന്ന മാരത്തോണ്‍ ചര്‍ച്ചയില്‍ സമാധാനക്കരാറിനായുള്ള രൂപരേഖ തയ്യാറാക്കാന്‍ ഇരുകൂട്ടരും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. ഈ രേഖയെ അടിസ്ഥാനമാക്കിയായിരിക്കും അവസാനഘട്ട ചര്‍ച്ചകള്‍ നടക്കുക.

കഴിഞ്ഞ മാസം നടന്ന ചർച്ചയിൽ നല്ല പുരോഗതിയാണുണ്ടായത്. ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും അവയെല്ലാം ഈ ചർച്ചയിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമാധാന കരാറിൽ അമേരിക്ക ഒപ്പിട്ടാൽ 18 മാസത്തിനകം പരിപൂർണ സൈനിക പിന്മാറ്റം ഉറപ്പ് വരുത്തണമെന്ന് താലിബാൻ ആവശ്യപ്പെടും. തടങ്കലിൽ ഉള്ളവരെ കൈമാറുക, താലിബാൻ നേതാക്കളുടെ യാത്രാ വിലക്ക് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ചായിരിക്കും താലിബാൻ സമാധാന കരാർ മുന്നോട്ട് വെക്കുക.

ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് ഖത്തറിലെ അമേരിക്കൻ പ്രതിനിധി സൽമീ ഖലീൽ സാദ് ആണ്. അവസാനം നടന്ന ചർച്ചകൾക്ക് നേതൃത്വം നൽകിയതും ഖലീൽ സാദ് തന്നെയാണ്. എന്നാൽ ഇത്തവണ താലിബാന്റെ സ്ഥാപകരിലൊരാളും മുതിർന്ന നേതാവുമായ മുല്ല അബ്ദുൽ ഖനിയാണ് താലിബാനു വേണ്ടി പങ്കെടുക്കുന്നത് . വർഷങ്ങളായി പാക്കിസ്ഥാനിൽ കഴിയുന്ന അബ്ദുൽ ഖനി ഞായറാഴ്ച ഖത്തറിൽ എത്തി. അതേസമയം അമേരിക്ക- താലിബാൻ ചർച്ചയെ ഏറെ പ്രതീക്ഷയോടെയാണ് അഫ്ഗാനിസ്ഥാനിലെ ജനത വീക്ഷിക്കുന്നത്.

ചർച്ച വിജയിക്കുകയാണെങ്കില്‍ അഫ്ഗാനിസ്ഥാനിൽ പതിനേഴ് വർഷമായി തുടരുന്ന സൈനിക നടപടി അവസാനിപ്പിക്കാൻ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും തയ്യാറായേക്കും. സൈനിക പിന്മാറ്റമുണ്ടായാൽ അഫ്ഗാൻ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കാമെന്ന് താലിബാനും ഉറപ്പ് നൽകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

TAGS :

Next Story