വിദേശകാര്യ മന്ത്രിയുടെ രാജി സ്വീകരിക്കില്ലെന്ന് ഹസ്സന്‍ റൂഹാനി
ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫിന്റെ രാജി സ്വീകരിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. ജവാദ് സാരിഫ് വിദേശകാര്യ മന്ത്രിയായി തുടരണമെന്നാണ് ആഗ്രഹമെന്ന്...

ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫിന്റെ രാജി സ്വീകരിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. ഇറാന്‍ വിദേശകാര്യ വക്താവാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ സാരിഫ് രാജിക്കാര്യം അറിയിച്ചിരുന്നു.
ജവാദ് സാരിഫ് തുടരണമെന്നാവശ്യപ്പെട്ട് നിരവധി എം.പിമാര്‍ പ്രസിഡന്റിന് കത്തെഴുതിയിരുന്നു. ജവാദ് സാരിഫ് വിദേശകാര്യ മന്ത്രിയായി തുടരണമെന്നാണ് ആഗ്രഹമെന്ന് പ്രസിഡന്റിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇറാനും ആറ് വന്‍ശക്തി രാജ്യങ്ങളും തമ്മിലുള്ള 2015ലെ ആണവ കരാര്‍ രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ജവാദ് സാരിഫ്.
എന്നാല്‍ ലോകരാഷ്ട്രങ്ങളുമായി ചേര്‍ന്ന് ഇറാന്‍ ഒപ്പുവെച്ച ആണവ കരാറിന്റെ പേരില്‍ സാരിഫിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. അമേരിക്ക കരാറില്‍ നിന്ന് പിന്‍മാറുകയും ഇറാനെതിരെ ഉപരോധം ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ രാജിക്ക് പിന്നിലെ കാരണമെന്തെന്ന് സാരിഫ് വ്യക്തമാക്കിയിട്ടില്ല. തന്റെ ഭരണകാലത്ത് വന്ന പിഴവുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നും, രാജ്യത്തിനും സര്‍ക്കാരിനും എന്റെ നന്ദി അറിയിക്കുന്നുവെന്നുമാണ് ജവാദ് സാരിഫ് ഇന്സ്റ്റാഗ്രാമില്‍ കുറിച്ചത്.
Adjust Story Font
16

