പ്രതിഷേധങ്ങള്‍ക്കിടെ അള്‍ജീരിയന്‍ പ്രസിഡണ്ട് അഞ്ചാമതും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഒരു വര്‍ഷത്തിനകം സ്ഥാനം ഒഴിയാമെന്ന വാഗ്ദാനം നല്‍കിയാണ് പത്രിക സമര്‍പ്പണം.

കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ അള്‍ജീരിയന്‍ പ്രസിഡണ്ട് അബ്ദുള്‍അസീസ് ബൂത്ഫിലിക്ക അഞ്ചാം തവണയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഒരു വര്‍ഷത്തിനകം സ്ഥാനം ഒഴിയാമെന്ന വാഗ്ദാനം നല്‍കിയാണ് പത്രിക സമര്‍പ്പണം. അതിനിടെ ബൂത്ഫിലിക്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ യുവാക്കള്‍ നടത്തുന്ന പ്രതിഷേധവും ശക്തമായി.
2013 ല്‍ പക്ഷാഘാതം ബാധിച്ച പ്രസിഡണ്ട് അബ്ദുള്‍ അസീസ് ബൂത്ഫിലിക്ക അപൂര്‍വമായി മാത്രമാണ് പൊതുപരിപാടികളില്‍ പങ്കെടുക്കാറുള്ളത്. 82 വയസുകാരനായ അദ്ദേഹത്തിന് മെഡിക്കല്‍ പരിശോധനയും പതിവാണ്. ഈ സാഹചര്യത്തിലും അഞ്ചാം ഊഴം തേടി മത്സരിക്കുമെന്ന് ഫെബ്രുവരി 22 നാണ് പ്രസിഡണ്ട് പ്രഖ്യാപിച്ചത്. ഇതോടെയാണ് രാജ്യത്തെ യുവാക്കള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പലയിടത്തും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.
ബൂത്ഫിലിക്ക ഇനി മത്സരിക്കരുതെന്ന് യുവാക്കള്‍ ആവശ്യപ്പെട്ടു. യുവാക്കള്‍ക്ക് മാറിക്കൊടുക്കേണ്ട സമയമായെന്ന് 2012 തെരഞ്ഞെടുപ്പ് റാലിയില്‍ പ്രഖ്യാപിച്ചത് നടപ്പിലാക്കേണ്ട സമയമായെന്നും പ്രസിഡന്റിനെ മുന്‍ നിര്‍ത്തി മറ്റു ചിലരാണ് ഭരണം നടത്തുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായിരുന്നു അബ്ദുല്‍ അസീസ് ബൂത്ഫിലിക്കയുടെ പത്രികാ സമര്‍പ്പണം. ബൂത്ഫിലിക്കയുടെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് മത്സര രംഗത്തുള്ള ഏതാനും പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16

