അള്‍ജീരിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു
2013ല്‍ പക്ഷാഘാതം ബാധിച്ചതില്‍ പിന്നെ ബൂത്ഫിലിക്ക അപൂര്‍വമായാണ് പൊതു പരിപാടികളില്‍ പങ്കെടുക്കാറുള്ളത്. രാജ്യത്തെ വിദ്യാര്‍ഥികളും കഴിഞ്ഞ ദിവസം പ്രതിഷേധത്തിന്റെ ഭാഗമായി.

അള്‍ജീരിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താമെന്ന അബ്ദുല്‍ അസീസ് ബൂത്ഫിലിക്കയുടെ വാഗ്ദാനത്തിന് പ്രതിഷേധം തണുപ്പിക്കാനായില്ല. ബൂത്ഫിലിക്ക തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് അള്‍ജീരിയിന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂത്ഫിലിക്ക അഞ്ചാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതോടെ പ്രതിഷേധവും ശക്തമാവുകയായിരുന്നു. ഏപ്രില്‍ പതിനെട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നാഷണല്‍ കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കുമെന്നും പരിഷ്കാര നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. കൂടാതെ ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തും. അതില്‍ അദ്ദേഹം മത്സരിക്കില്ല. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ പ്രതിഷേധക്കാര്‍ അംഗീകരിച്ചില്ല.
രാജ്യത്തെ നയിക്കാന്‍ ബൂത്ഫിലിക്ക പ്രാപ്തനല്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. വന്‍ അഴിമതികളും സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കാത്തതും ബൂത്ഫിലിക്കയുടെ കഴിവുകേടായി പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 2013ല്‍ പക്ഷാഘാതം ബാധിച്ചതില്‍ പിന്നെ ബൂത്ഫിലിക്ക അപൂര്‍വമായാണ് പൊതു പരിപാടികളില്‍ പങ്കെടുക്കാറുള്ളത്. രാജ്യത്തെ വിദ്യാര്‍ഥികളും കഴിഞ്ഞ ദിവസം പ്രതിഷേധത്തിന്റെ ഭാഗമായി. വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ച് തെരുവിലേക്കിറങ്ങി.
Adjust Story Font
16

