ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയ പാക് മന്ത്രിയെ പുറത്താക്കി
ഫയാസുലിനെ പുറത്താക്കിയെന്ന് തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയാണ് ട്വീറ്റ് ചെയ്തത്

ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ പാക് മന്ത്രി ഫയാസുല്‍ ഹസന്‍ ചോഹാനെ പുറത്താക്കി. ഫയാസുലിനെ പുറത്താക്കിയെന്ന് തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയാണ് ട്വീറ്റ് ചെയ്തത്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ആക്ഷേപിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. ഹിന്ദുക്കള്‍ ഗോമൂത്രം കുടിക്കുന്നവരാണെന്ന പരാമര്‍ശമാണ് വിവാദമായത്.
കഴിഞ്ഞ മാസം വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു ഫയാസുല്‍ ചോഹാന്റെ ഹിന്ദു വിരുദ്ധ പരാമര്‍ശം- "ഞങ്ങള്‍ മുസ്‍ലിംകളാണ്. ഞങ്ങളുടെ കൈയില്‍ കൊടിയുണ്ട്. മൗല ആലിയയുടെ ധീരതയുടെ കൊടി, ഹസ്രത് ഉമ്രയുടെ വീര്യത്തിന്റെ കൊടി. നിങ്ങളുടെ കൈയില്‍ അത്തരം പ്രതീകങ്ങളില്ല. ഞങ്ങളേക്കാള്‍ ഏഴ് മടങ്ങ് നല്ലതാണെന്ന മിഥ്യാബോധം ഒഴിവാക്കേണ്ടതാണ്. ഞങ്ങള്‍ക്കാവുന്നത് വിഗ്രഹാരാധകരായ നിങ്ങള്‍ക്ക് ചെയ്യാനാവില്ല".
പുല്‍വാമ ആക്രമണത്തിന് പിന്നാലെയായിരുന്നു ഫയാസുലിന്‍റെ പരാമര്‍ശം. തെഹ്‍രികെ ഇന്‍സാഫ് പാര്‍ട്ടിയില്‍ നിന്ന് തന്നെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ ഫയാസുല്‍ മാപ്പ് പറഞ്ഞു. പാക് ജനസംഖ്യയുടെ 1.06 ശതമാനം ഹിന്ദുക്കളാണ്. #SackFayyazChohan എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പെയിനുമുണ്ടായി. വിമര്‍ശനം രൂക്ഷമായതിന് പിന്നാലെയാണ് മന്ത്രിയെ പുറത്താക്കിയത്.
Adjust Story Font
16

