ജയ്ഷെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തടഞ്ഞ ചൈനക്കെതിരെ ലോകരാഷ്ട്രങ്ങള്‍
ഭീകരവാദം ശക്തിപ്പെടാന്‍ ചൈനീസ് നടപടി കാരണമാകുമെന്ന് യു.എന്‍ രക്ഷാസമിതിയില്‍ അംഗരാഷ്ട്രങ്ങൾ

ജയ്ഷെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തടഞ്ഞ ചൈനീസ് നടപടിക്കെതിരെ ലോകരാഷ്ട്രങ്ങള്‍. മേഖലയില്‍ ഭീകരവാദം ശക്തിപ്പെടാന്‍ ചൈനീസ് നടപടി കാരണമാകുമെന്ന് യു.എന്‍ രക്ഷാസമിതി അംഗരാഷ്ട്രങ്ങള്‍ കുറ്റപ്പെടുത്തി. ചൈന നിലപാട് തുടരുകയാണെങ്കില്‍ മറ്റ് നടപടികള്‍ കൈക്കൊള്ളാന്‍ രക്ഷാസമിതി നിര്‍ബന്ധിതമാകുമെന്നും മുന്നറിയിപ്പ് നല്‍കി.
ജയ്ഷെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എൻ രക്ഷാസമിതി പ്രമേയം വീണ്ടും വീറ്റോ ചെയ്ത ചൈനയുടെ നടപടിയാണ് അംഗ രാഷ്ട്രങ്ങളെ ചൊടിപ്പിച്ചത്. മസ്ഊദ് അസ്ഹറിനെതിരായ പ്രമേയം നാലുതവണയാണ് ചൈന തടഞ്ഞത്. പ്രമേയം അംഗീകരിക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴാണ് ചൈന വീറ്റോ ചെയ്തത്. തീവ്രവാദത്തിനെതിരെ പോരാടാനും ദക്ഷിണേഷ്യയില്‍ സ്ഥിരത കൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങളെ തുരങ്കം വെക്കുന്നതാണ് ചൈനയുടെ നടപടിയെന്ന് അംഗരാഷ്ട്രങ്ങള്‍ കുറ്റപ്പെടുത്തി. കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ യു.എസ്, ഫ്രാൻസ്, യു.കെ എന്നീ സ്ഥിരാംഗങ്ങളാണ് മസ്ഊദ് അസ്ഹറിനെതിരായ പ്രമേയം കൊണ്ടു വന്നത്. സ്വന്തം രാജ്യത്ത് പ്രവർത്തിക്കുന്ന തീവ്രവാദികളെ സംരക്ഷിക്കുന്നതിനായി ചൈനയുടെ സഹായം തേടുന്ന പാകിസ്ഥാനെയും രക്ഷാ സമിതി അംഗങ്ങൾ വിമർശിച്ചു.
Adjust Story Font
16

