സ്ത്രീകള്‍ക്ക് അസാധ്യമായി ഒന്നുമില്ല എന്ന് തെളിയിക്കുകയാണ് സിറിയയിലെ ഈ മൂന്ന് വനിതകള്‍
പുരുഷന്‍മാര്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നതിനാല്‍ സിറിയയിലെ മിക്ക കുടുംബങ്ങളും നയിക്കുന്നത് സ്ത്രീകളാണ്.

സ്ത്രീകള്‍ ചെയ്യാത്ത ജോലികള്‍ ഇല്ല. പുരുഷന്‍മാര്‍ കഠിനം എന്ന് കരുതുന്ന തൊഴില്‍ രംഗങ്ങളില്‍ പോലും സ്ത്രികള്‍ ധൈര്യത്തോടെ മുന്നിട്ട് വരികയാണ്. ഇതു പോലെ ട്രക്ക് ഡ്രൈവിങ്ങിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ് സിറിയയിലെ മൂന്ന് സ്ത്രീകള്‍.
സിറിയന്‍ തൊഴില്‍ മന്ത്രാലയം ട്രക്ക് ഡ്രൈവര്‍മാരായി സ്ത്രീകളെയും പുരുഷന്‍മാരെയും ക്ഷണിച്ചപ്പോ സ്ത്രീകള്‍ വരില്ല എന്നു പലരും കരുതിയെങ്കിലും അവരുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി മൂന്ന് സ്ത്രീകള്‍ എത്തുകയായിരുന്നു. 34കാരിയായ ഡിമാ മുഹമ്മദ് ആണ് സിറിയയിലെ ട്രക്ക് ഓടിക്കുന്ന ആദ്യ യുവതിയായത്. ഒരു ഡ്രൈവിങ് കേന്ദ്രത്തില്‍ പരിശീലകയായിരുന്നു ഡിമാ. യുദ്ധം മൂലം ഡ്രൈവിങ് കേന്ദ്രം അടച്ചതിനെ തുടര്‍ന്ന് ഗവണ്‍മെന്റ് ജോലിയുടെ സുരക്ഷിതത്വം തേടിയാണ് ഡിമാ ട്രക്ക് ഡ്രൈവറായത്. ആദ്യം കുടുംബത്തില്‍ നിന്ന് എതിര്‍പ്പ് നേരിട്ടെങ്കിലും പിന്നീട് ഡിമയുടെ തീരുമാനത്തെ അവര്‍ അംഗീകരിക്കുകയായിരുന്നു. ട്രക്ക് ഓടിക്കാന്‍ കഴിയുമോ ഇതില്‍ കയറാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് പുരുഷ ഡ്രൈവര്‍മാരില്‍ നിന്ന് നേരിടുന്നത് എന്നാണ് ഡിമാ പറയുന്നത്. ഡിമാ ഉള്‍പ്പെടെയുള്ള മൂന്ന് സ്ത്രികളുടെയും ജോലി നഗരത്തില്‍ ചരക്ക് എത്തിക്കുക എന്നതാണ്.
സ്ത്രീകള്‍ക്കായി ഇത്തരത്തിലുള്ള കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്ന് സിറിയന്‍ സര്‍ക്കാര്‍ അറിയിച്ചു. പുരുഷന്‍മാര്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നതിനാല്‍ സിറിയയിലെ മിക്ക കുടുംബങ്ങളും നയിക്കുന്നത് സ്ത്രീകളാണ്.
Adjust Story Font
16

