ന്യൂസിലാന്‍റ് ഭീകരാക്രമണം; മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ

ന്യൂസീലാന്റിലെ മുസ്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ. മരണപ്പെട്ടവരുടെ ഖബറടക്കത്തിനാവശ്യമായ സാമ്പത്തിക സഹായവും കുടുംബങ്ങള്‍ക്ക് തുടര്‍ന്ന് ജീവിക്കാനാവശ്യമായ സാമ്പത്തികമായ പിന്തുണയുമാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. മരണപ്പെട്ട 49 പേരുടെയും എല്ലാ വിധ ചെലവുകളും കുടിയേറ്റ സ്ഥിതി പരിശോധിക്കാതെ തന്നെ ഉറപ്പ് നല്‍കുന്നുവെന്ന് പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ പറഞ്ഞു.
നേരത്തെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ ഹിജാബ് ധരിച്ചെത്തിയത് വലിയ വാര്‍ത്തയായിരുന്നു. കൊലപാതകത്തിനും തീവ്രവാദ പ്രവര്‍ത്തനത്തിനുമാണ് വലതുപക്ഷ ഭീകരവാദിയായ ഓസ്ട്രേലിയൻ പൗരന്‍ ബ്രന്‍ഡന്‍ ടറാന്റനെ അറസ്റ്റ് ചെയ്തതെന്ന് ബന്ധുക്കളെ കണ്ടതിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്തു. തോക്ക് ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ രാജ്യം മാറ്റം വരുത്തുമെന്നും ജസിന്‍ഡ പറഞ്ഞു. രണ്ട് സെമി ഓട്ടോമാറ്റിക്, രണ്ട് ഷോട്ട്ഗണ്‍, ഒരു ലിവര്‍ ആക്ഷന്‍ ഗണ്‍ തുടങ്ങിയവയുമായാണ് ഇയാള്‍ 50 പേരെ കൊലപ്പെടുത്തിയത്. ഭീകരവാദി 2017ല്‍ രാജ്യത്തെ കാറ്റഗറി എ തോക്ക് ലൈസന്‍സ് കരസ്ഥമാക്കിയിട്ടുണ്ടെന്ന് ജസിന്‍ഡ പറയുന്നു. 2005, 2012 വര്‍ഷങ്ങളിലെ തോക്ക് ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ 2017ലെ അന്വേഷണത്തിന് ശേഷം മാറ്റം വരുത്താന്‍ തീരുമാനിച്ചിരുന്നതായും എന്നാല്‍ ഇനി പ്രായോഗിക തലത്തില്‍ മാറ്റം വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Adjust Story Font
16

