വെനസ്വേലയില്‍ സൈന്യം മാറ്റം ആഗ്രഹിക്കുന്നതായി ജുവാന്‍ ഗെയ്ദോ
വെനസ്വേല ഒറ്റക്കല്ല. എന്നാല്‍ നിക്കോളാസ് മദുറോ മാത്രം ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഗെയ്ദോ പറഞ്ഞു.

രാഷ്ട്രീയ പ്രതിസന്ധി നീളുകയാണ് വെനസ്വേലയില്‍. രാജ്യത്ത് സൈന്യം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്ദോ പറഞ്ഞു. കഴിഞ്ഞ ദിവസം ആയിരങ്ങളെ അണി നിരത്തി നടത്തിയ റാലിയിലാണ് ഗെയ്ദോ ഇക്കാര്യം പറഞ്ഞത്.
വലന്‍സിയ നഗരത്തില്‍ ജുവാന്‍ ഗെയ്ദോയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. വിവിധ ലോക രാജ്യങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ട്. വെനസ്വേല ഒറ്റക്കല്ല. എന്നാല്‍ നിക്കോളാസ് മദുറോ മാത്രം ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഗെയ്ദോ പറഞ്ഞു. പ്രസിഡന്റാകണമെങ്കില്‍ ജനങ്ങളുടെ പിന്തുണ വേണം. എന്നാല്‍ മദുറോക്ക് അതില്ലെന്നും ഗെയ്ദോ പറഞ്ഞു. രാജ്യത്തെ 80 ശതമാനം സൈനികരും മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും റാലിയെ അഭിസംബോധന ചെയ്ത് ഗെയ്ദോ പറഞ്ഞു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഗെയ്ദോ, മദുറോക്ക് വെല്ലുവിളിയുയര്‍ത്തി രംഗത്തെത്തിയത്. രാജ്യത്തെ പ്രസിഡന്റ് താനാണെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രഖ്യാപനത്തെ പിന്തുണച്ചു. എന്നാല്‍ യാത്രാ വിലക്കുള്‍പ്പെടെ ഏര്‍പ്പെടുത്തി ഗെയ്ദോയെ നേരിട്ടു സര്‍ക്കാര്‍. ഗെയ്ദോ പ്രഖ്യാപിച്ച വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഹായം എത്തിക്കാന്‍ മദുറോ അനുവദിച്ചില്ല. വലിയ പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോഴും സൈന്യം മദുറോക്ക് പിന്നില്‍ ഉറച്ചുനിന്നു. എന്നാല്‍ അങ്ങനെയല്ലെന്നാണ് ഗെയ്ദോയുടെ അവകാശവാദം. രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Adjust Story Font
16

