ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ വീശിയടിച്ച ഇഡായി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 1100 കടന്നു
കാണാതായവരില്‍ പലരെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ദുരന്ത ബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ വീശിയടിച്ച ഇഡായി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 1100 കടന്നു. കാണാതായവരില്‍ പലരെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ദുരന്ത ബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭക്ഷണമടക്കമുള്ള അവശ്യ വസ്തുക്കളുടെ വിതരണം ചെയ്ത് ഐക്യരാഷ്ട്ര സഭയും ദുരിത ബാധിതര്‍ക്കൊപ്പമുണ്ട്.
മൊസാംബിക്, സിംബാബ്‍വെ, മലാവി എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ദുരന്ത ബാധിത മേഖലകളില്‍ ഗതാഗത വാര്‍ത്താ വിനിമയ മാര്‍ഗങ്ങള്‍ താറുമാറായത്‍ രക്ഷാപ്രവര്‍ത്തനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. മൊസാംബിക്കില്‍ 1000ത്തിലേറെ പേര്‍ ദുരന്തത്തില്‍പ്പെട്ട് മരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഫിലിപ്പി ന്യൂസി വ്യക്തമാക്കി. സിംബാബ്‍വെയില്‍ 98 പേര്‍ മരിച്ചതായും 200ലേറെ പേരെ കാണാതായതായും സര്‍ക്കാര്‍ അറിയിച്ചു. യഥാര്‍ഥ കണക്ക് ഇതിലുമേറെയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
അതിനിടെ രാജ്യത്തെ ദുരന്ത ബാധിത മേഖലകള്‍ സിംബാബ്‍വെന്‍ പ്രസിഡന്റ് എമേഴ്സണ്‍ മംഗാഗ്വെ സന്ദര്‍ശിച്ചു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ദുരന്ത ബാധിത രാജ്യങ്ങള്‍ക്ക് സഹായ വാഗ്ദാനവുമായി ലോക രാഷ്ട്രങ്ങളും രംഗത്തെത്തി. ദുരന്ത ബാധിതര്‍ക്ക് 3.5 മില്യണ്‍ യൂറോയുടെ സഹായങ്ങള്‍ നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.
ചുഴലിക്കാറ്റും വെള്ളപ്പൊക്കവും തെക്കന്‍ ആഫ്രിക്കയിലെ 2.6 മില്യണ്‍ ആളുകളെ ബാധിച്ചുവെന്നാണ് യു.എന്‍ കണക്ക്. മൊസാംബിക്കില്‍ മാത്രം ആറു ലക്ഷം പേരെയാണ് ദുരന്തം ബാധിച്ചത്.
Adjust Story Font
16

