Quantcast

വെടിവെപ്പിനു സാക്ഷിയായിരുന്ന ഇമാം പ്രധാനമന്ത്രി അടക്കമുള്ളവരുടെ സദസ്സിൽ നടത്തിയ ഹൃദയ സ്പർശിയായ ജുമുഅ പ്രഭാഷണം

മുസ്‍ലിം സഹോദരീ സഹോദരന്മാരെ, മാനവ സമൂഹത്തിലെ സഹോദരീ സഹോദരന്മാരെ കഴിഞ്ഞ വെള്ളിയാഴ്ച ഇതേ പള്ളിയിൽ നിന്നു കൊണ്ട് ഞാൻ ആ ഭീകരന്റെ കണ്ണുകളിലെ വിദ്വേഷവും വെറുപ്പും നോക്കിക്കണ്ടു

MediaOne Logo

Web Desk

  • Published:

    22 March 2019 6:43 PM IST

വെടിവെപ്പിനു സാക്ഷിയായിരുന്ന ഇമാം  പ്രധാനമന്ത്രി അടക്കമുള്ളവരുടെ സദസ്സിൽ നടത്തിയ ഹൃദയ സ്പർശിയായ ജുമുഅ പ്രഭാഷണം
X

കണ്ണീരും പ്രതീക്ഷകളുമായി അവർ വീണ്ടും ഒത്ത് കൂടി. തങ്ങളുടെ പ്രിയപ്പെട്ടവർ വെടിയേറ്റ് വീണ മണ്ണിൽ. അവരുടെ നാടിനും പ്രധാനമന്ത്രിക്കുമൊപ്പം. ന്യൂസിലാന്റ് ഭീകരാക്രമണത്തിനു സാക്ഷിയാകേണ്ടി വന്ന ഇമാം ജമാൽ ഫൗദ പ്രധാനമന്ത്രി അടക്കമുള്ളവരുടെ സദസ്സിൽ നടത്തിയ ഹൃദയ സ്പർശിയായ ജുമുഅ പ്രഭാഷണം.

മുസ്‍ലിം സഹോദരീ സഹോദരന്മാരെ, മാനവ സമൂഹത്തിലെ സഹോദരീ സഹോദരന്മാരെ ന്യൂസിലാന്റിലെ സഹോദരീ സഹോദരന്മാരെ, കഴിഞ്ഞ വെള്ളിയാഴ്ച ഇതേ പള്ളിയിൽ നിന്നു കൊണ്ട് ഞാൻ ആ ഭീകരന്റെ കണ്ണുകളിലെ വിദ്വേഷവും വെറുപ്പും നോക്കി ക്കണ്ടു. അയാളാണ് 50 പേരെ കൊന്ന് രക്തസാക്ഷികളാക്കുകയും 42 പേരെ മുറിവേൽപ്പിക്കുകയും ലോകത്തുടനീളമുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയം തകർത്തുകളയുകയും ചെയ്തത്. ഇന്ന് അതേ സ്ഥലത്ത് നിന്നു കൊണ്ട് ന്യൂസിലാന്റിലെയും ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് മനുഷ്യരുടെയും കണ്ണുകളിൽ സ്നേഹവും ആർദ്രതയും ഞാൻ നോക്കി കാണുകയാണ്‌. ശരീരം കൊണ്ട് ഇവിടെ ഇല്ലെങ്കിലും മനസ്സുകൊണ്ട് നമ്മോടൊപ്പം ഉള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളും നിറഞ്ഞിരിക്കുന്നു.

ലോകത്തെ കീറിമുറിച്ച ഒരു പൈശാചിക ആശയം കൊണ്ട് നമ്മുടെ രാജ്യത്തെയും കീറിമുറിക്കാം എന്നാണ് ആ ഭീകരൻ കരുതിയത്‌ പക്ഷേ ന്യൂസിലാന്റിനെ ഒരിക്കലും തകർക്കാനാവില്ലെന്ന് നാം കാണിച്ചു കൊടുത്തിരിക്കുന്നു.ലോകത്തിനു മുമ്പിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മാതൃകയായി നാം മാറിയിരിക്കുന്നു. നമ്മുടെ ഹൃദയങ്ങൾ തകർന്നിട്ടുണ്ട് . പക്ഷെ നാം ഒരിക്കലും തകർന്ന് പോയിട്ടില്ല. നാം ഇപ്പോഴും സജീവമായി തന്നെ ജീവിച്ചിരിക്കുന്നു. നമ്മൾ ഒറ്റക്കെട്ടാണ്. നമ്മെ ഭിന്നിപ്പിക്കാൻ ആരെയും സമ്മതിക്കില്ല എന്ന് നാം തീരുമാനിച്ചിരിക്കുന്നു. നമ്മൾ ഓരോരുത്തരും പരസ്പരം സ്നേഹിക്കുവാനും പിന്തുണക്കാനും നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു.

വെള്ള മേധാവിത്വത്തിന്റെ ഈ പൈശാചിക ആശയം നമുക്ക് ആഘാതം ഏൽപ്പിക്കുന്നത് ആദ്യമായി അല്ലെങ്കിലും ഇത്തവണത്തേത് കടുത്ത രീതിയിൽ തന്നെയാണ്.കൊല്ലപ്പെട്ട ആളുകളുടെ എണ്ണം അത്ര അസാധാരണം അല്ലായിരിക്കാം. പക്ഷേ ന്യൂസിലാന്റ് കാണിച്ച ഐക്യദാർഢ്യം തികച്ചും അസാധാരണമാണ്. വിസ്മയകരമാണ്.

മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളോട് ഞാൻ പറയട്ടെ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം വെറുതെയാവില്ല തന്നെ. പ്രതീക്ഷയുടെ ഒരുപാട് വിത്തുകൾ അവർ അവരുടെ ചോര കൊണ്ട് നനച്ചിരിക്കുന്നു. ഐക്യത്തിന്റെയും ഇസ്ലാമിന്റെയും മനോഹാരിത ലോകം അവരിലൂടെ ദർശിച്ചറിയും. സ്ഥലങ്ങളിൽ വെച്ച് ഏറ്റവും മികച്ച ഒരിടത്ത് വെച്ച്, നാളുകളിൽഏറ്റവും മികച്ച ഒരുനാളിൽ തന്നെ നമ്മുടെ കൂട്ടത്തിലെ ഏറ്റവും നല്ലവരെ തന്നെയാണ് തിരിച്ചു വിളിക്കപ്പെട്ടിരിക്കുന്നത്. അതും കർമ്മങ്ങളിൽ ഏറ്റവും മമനോഹരമായ ഒരു കർമ്മം ചെയ്തു കൊണ്ടിരിക്കെ. അവർ ഇസ്ലാമിന്റെ രക്തസാക്ഷികൾ മാത്രമല്ല ന്യൂസിലാന്റിന്റെ രക്തസാക്ഷികൾ കൂടിയാണ്.

ഞങ്ങൾക്ക് നിങ്ങളെ നഷ്ടപ്പെട്ടെങ്കിലും ന്യൂസിലാന്റിന്റെ അഖണ്ഡതക്കും ശക്തിക്കും നിങ്ങൾ ഒരു മുതൽക്കൂട്ട് തന്നെയാണ്. നിങ്ങളുടെ വേർപാട് ഒരു ഉണർത്തുപാട്ടാണ്. നമ്മുടെ രാജ്യത്തിന് മാത്രമല്ല, മുഴുവൻ മനുഷ്യ സമൂഹത്തിനും.

നിങ്ങളുടെ രക്തസാക്ഷിത്വം ന്യൂസിലാന്റിന് നവജീവൻ പകർന്നു നല്‍കിയിരിക്കുന്നു. ഒരുപാട് പേർക്ക് മുന്നോട്ട് വളരാനുള്ള അവസരമാണത് സൃഷ്ടിച്ചിരിക്കുന്നത്.

എല്ലാ വൈവിധ്യങ്ങളെയും ആവാഹിച്ചിരിക്കുന്ന നമ്മുടെ ഈ മഹാ സംഗമം മാനുഷിക ഐക്യത്തിന്റെ സാക്ഷ്യപത്രമാണ്. നമ്മളെ വീണ്ടെടുക്കാൻ കരുത്തുള്ള സ്നേഹത്തെ ഉയർത്തിപ്പിടിക്കുകയും വെറുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് ആയിരക്കണക്കായ മനുഷ്യർ ഇന്നിവിടെ ഒത്തു ചേർന്നിരിക്കുന്നത്.

മറ്റു മനുഷ്യരോട് നന്ദി കാണിക്കാതെ ഒരിക്കലും നിങ്ങൾക്ക് ദൈവം തമ്പുരാനോട് നന്ദി കാണിക്കാൻ ആവില്ലെന്ന് നമ്മുടെ പ്രവാചകൻ മുഹമ്മദ് നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

അതിനാൽ ന്യൂസിലാൻഡിലെ ജനസമൂഹത്തോട് നമ്മൾ പറയുന്നു നിങ്ങൾക്ക് ഒരുപാട് നന്ദി. നിങ്ങൾക്ക് നന്ദി. നിങ്ങളുടെ കണ്ണുനീരിനു നന്ദി. നിങ്ങളുടെ ഹാക്കക്ക് (സവിശേഷ നൃത്തം) നന്ദി. നിങ്ങൾ നൽകിയ പൂച്ചെണ്ടുകൾക്ക് നന്ദി. നിങ്ങളുടെ സ്നേഹത്തിനും സഹാനുഭൂതിക്കും നന്ദി. നമ്മുടെ പ്രധാനമന്ത്രിയോട് പറയട്ടെ. താങ്കൾക്ക് നന്ദി. താങ്കളുടെ നേതൃത്വത്തിന് നന്ദി. ലോകത്തിലെ എല്ലാ നേതാക്കൾക്കും മുഴുവൻ അതൊരു മികച്ച മാതൃകയായിത്തീർന്നിരിക്കുന്നു.

ഞങ്ങളുടെ കുടുംബങ്ങളെ ചേർത്തു പിടിച്ചതിന്, ഒരു കൊച്ചു സ്കാഫ് കൊണ്ട് ഞങ്ങളെ ആദരിച്ചതിന് ഒരുപാട് നന്ദി. ആർദ്രമായ താങ്കളുടെ വാക്കുകൾക്കും കണ്ണുനീർത്തുള്ളികൾക്കും ഒരുപാട് നന്ദി.

ഞങ്ങളിൽ ഒരാളായി മാറിയതിന് താങ്കൾക്ക് നന്ദി.

ന്യൂസിലാന്റ് ഗവൺമെൻറിനും ഒപ്പം ഞങ്ങൾ വിസ്മരിക്കപ്പെട്ടവരല്ലെന്നും ഞങ്ങൾക്ക് വിലയില്ലെന്നും ബോധ്യപ്പെടുത്തിയ എല്ലാ അത്ഭുത മനുഷ്യർക്കും നന്ദി‌ പൊലീസ് സേനയ്ക്കും സന്നദ്ധസേവകർക്കും നന്ദി പറയുന്നു. എന്നും ഞങ്ങളുടെ ജീവനായിരുന്നല്ലോ നിങ്ങളുടെ ജീവനേക്കാൾ നിങ്ങൾ വില കൽപ്പിച്ചത്.

കൊലയാളിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കാനായി വീടിന്റെ വാതിൽ തുറന്നു വെച്ച എല്ലാ അയൽവാസികൾക്കും ഒരുപാട് നന്ദി. ഞങ്ങളെ സഹായിക്കാൻ കാറുമായി ഓടിയെത്തിയവർക്ക് നന്ദി. ഞങ്ങൾ പൊറുതിമുട്ടിയപ്പോൾ ഭക്ഷണം തന്ന് സഹായിച്ചവർക്ക് നന്ദി. ന്യൂസിലാന്റേ നിങ്ങൾക്ക് നന്ദി. നിങ്ങൾക്ക് നന്ദി.‌ സ്നേഹവും കരുതലും എന്താണെന്ന് ലോകത്തെ പഠിപ്പിച്ചതിനു നിങ്ങൾക്ക് നന്ദി.

ഇന്നിവിടെ നമസ്കാരത്തിനായി ഒത്തുചേർന്ന സഹോദരീ സഹോദരന്മാരെ ഒരിക്കൽ കൂടി ഒന്നിച്ചു ചേർന്നതിന് നിങ്ങൾക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നു. നമുക്ക് സംഭവിച്ച ആഘാതത്തിന് ശേഷം വലിയ നഷ്ടം നമ്മൾ അനുഭവിക്കുന്നുണ്ട്. പക്ഷേ അല്ലാഹു നമുക്ക് നൽകിയ വാഗ്ദത്തം യാഥാർത്ഥ്യമാകുന്നു.

" ഈ സന്ദര്‍ഭങ്ങളില്‍ ക്ഷമയവലംമ്പിക്കുകയും ഏതാപത്തു ബാധിക്കുമ്പോഴും 'ഞങ്ങള്‍ അല്ലാഹുവിന്റേതല്ലോ, അവനിലേക്കല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും' എന്ന് പറയുകയും ചെയ്യുന്നവരെ സുവാര്‍ത്തയറിയിച്ചു കൊള്ളുക. അവര്‍ക്ക് തങ്ങളുടെ റബ്ബിങ്കല്‍നിന്ന് വലുതായ അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കും. അവന്റെ കാരുണ്യം അവര്‍ക്ക് തണലേകുകയും ചെയ്യും". (ഖുർആൻ 2: 157)

നിങ്ങളുടെ പ്രകടിപ്പിച്ച കരുത്തിനും വിട്ട് വീഴ്ച്ചക്കും നിങ്ങൾക്ക് നന്ദി. നിങ്ങൾ നിയന്ത്രിച്ച് നിർത്തിയ ദേഷ്യത്തിനും കവിഞ്ഞൊഴുകിയ നിങ്ങളുടെ ദയാവായ്പിനും നന്ദി. നിങ്ങളുടെ നിശ്ചയദാർഢ്യത്തിനും മറ്റുള്ളവർ വീഴുമായിരുന്നു സന്ദർഭത്തിൽ ഉയർന്ന് നിന്നതിന് നന്ദി.

ഇസ്‍ലാമോഫോബിയ നമ്മളെ കൊല്ലും. മുസ്‍ലിംകൾ മുമ്പും അതിന്റെ വേദന അനുഭവിച്ചവരാണ്. കാനഡയിൽ അത് ആളുകളെ കൊന്നിട്ടുണ്ട്. നോർവേയിൽ നമുക്ക് എതിരെയും യു.കെയിലും യു.എസിലും നിരപരാധികളായ മനുഷ്യക്കെതിരെയും അത് ഉപയോഗിച്ചിട്ടുണ്ട്. ലോകത്ത് പലയിടത്തും അങ്ങനെതന്നെ.

ഇസ്‍ലാമോഫോബിയ ഒരു യാഥാർത്ഥ്യമാണ്. മുസ്‍ലിംകളെ അപമാനവീകരിക്കാനും യുക്തിരഹിതമായി ഭയപ്പെടാനും ജനങ്ങളെ പ്രേരിപ്പിക്കലാണവരുടെ ലക്ഷ്യം. നാം ധരിക്കുന്ന വസ്ത്രത്തെ പേടിക്കാൻ, നമ്മൾ ഇഷ്ടപ്പെടുകയും ഭക്ഷിക്കുകയും ചെയ്യുന്ന ഭക്ഷണത്തെ പേടിക്കാൻ, നമ്മുടെ പ്രാർത്ഥനാ രീതിയെ പേടിക്കാൻ, നമ്മുടെ വിശ്വാസത്തെയും ആചാരങ്ങളെയും പേടിക്കാൻ. അതാണവർ പറയുന്നത്.

വിദ്വേഷ പ്രഭാഷണങ്ങളും പേടിയുടെ രാഷ്ട്രീയവും അവസാനിപ്പിക്കാൻ നടപടികളെടുക്കണമെന്ന് ന്യൂസിലാന്റിനോടും അയൽരാജ്യങ്ങളോടും ലോക ഭരണകൂടങ്ങളോടും നമ്മൾ അഭ്യർഥിക്കുകയാണ്.

50 പേർ രക്ത സാക്ഷികൾ ആകേണ്ടി വന്നതും 42 പേർക്ക് മുറിവേറ്റതും ഒരുനാൾ കൊണ്ടുണ്ടായ യാദൃശ്ചികതയല്ല. ചില രാഷ്ട്രീയനേതാക്കളും മാധ്യമങ്ങളും ഒക്കെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്‍ലാം വിരുദ്ധ- മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങളുടെ അനന്തരഫലമാണത്. ഭീകരതക്ക് വർണ്ണമോ വംശമോ മതമോ ഇല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ സംഭവങ്ങളാണ് കഴിഞ്ഞയാഴ്ച നടന്നത്.

വ്യാപകമായിക്കൊണ്ടിരിക്കുന്ന വെള്ള വംശീയതയും വലതുപക്ഷ തീവ്രവാദവും ആഗോള സമൂഹത്തിന് വമ്പിച്ച ഒരു ഭീഷണിയായി തീർന്നിരിക്കുന്നു. ഇത് അവസാനിപ്പിച്ചേ മതിയാവൂ. ഇന്നിവിടെ ഒത്തുകൂടിയ മുസ്‍ലിംകളും അല്ലാത്തവരുമായ എന്റെ എല്ലാ സഹോദരീ സഹോദരന്മാരോടും ഈ വിഷമഘട്ടത്തിൽ നമ്മെ സഹായിക്കാനും പിന്തുണക്കാനുമായി ഇവിടെ എത്തിയ എല്ലാ അന്താരാഷ്ട്ര അതിഥികളോടും ഞാൻ നന്ദി പറയുന്നു. അല്ലാഹുവേ ഞങ്ങളോട് നീ കാരുണ്യം കാണിക്കേണമേ. അല്ലാഹുവേ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടവരോട് നീ കാരുണ്യം കാണിക്കേണമേ. അവർക്ക് നീ സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കേണമോ. അല്ലാഹുവേ പരിക്കേറ്റവർക്ക് സമാശ്വാസവും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ക്ഷമയും നൽകേണമേ. അല്ലാഹുവേ ഞങ്ങളുടെ നാടും രാജ്യവുമായ ന്യൂസിലാന്റിന് സമാധാനവും സുരക്ഷയും നൽകുകയും അതിനെയും അവിടുത്തെ ജനങ്ങളെയും എല്ലാ പൈശാചികതകളിൽ നിന്നും കാത്തു രക്ഷിക്കുകയും ചെയ്യേണമേ. അല്ലാഹുവേ ലോകത്തിനു മുഴുവൻ ശാന്തിയും സുരക്ഷയും ഐശ്വര്യവും നൽകി അനുഗ്രഹിക്കണമേ. ന്യൂസിലാന്റിന് സുരക്ഷ നൽകേണമേ. അല്ലാഹുവേ ന്യൂസിലാന്റിലെ മനുഷ്യർക്കും ലോകത്തിനും നീ രക്ഷ നൽകേണമേ.

ഭാഷാ മാറ്റം: കെ.മുഹമ്മദ് നജീബ്. (കടപ്പാട്: The Guardian)

TAGS :

Next Story