Quantcast

വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ അറസ്റ്റില്‍

ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ വെച്ചാണ് അറസ്റ്റ്.

MediaOne Logo

Web Desk

  • Published:

    11 April 2019 7:04 PM IST

വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ അറസ്റ്റില്‍
X

വിക്കി ലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ അറസ്റ്റില്‍. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ വെച്ചാണ് അറസ്റ്റ്. ഇക്വഡോര്‍ രാഷ്ട്രീയ അഭയം പിന്‍വലിച്ചതോടെയാണ് അസാന്‍ജിന്റെ അറസ്റ്റുണ്ടായത്.

അമേരിക്കയുടെ നയതന്ത്ര രേഖകള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ചതിന് അന്വേഷണം നേരിടുന്ന അസാന്‍ജെ 2012 മുതലാണ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. സ്വീഡനില്‍ ഉയര്‍ന്ന ലൈംഗികാരോപണത്തെ തുടര്‍ന്ന് അദ്ദേഹം വിവിധ രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഇക്വഡോര്‍ അഭയം നല്‍കുകയായിരുന്നു. അസാന്‍ജെ മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്ന് കണ്ടാണ് ഇക്വഡോര്‍ ഇത്തരം നിലപാട് സ്വീകരിച്ചത്. എന്നാല്‍ എംബസിയില്‍ ഇരുന്നുകൊണ്ട് മറ്റു രാജ്യങ്ങളുടെ കാര്യങ്ങളില്‍ അസാന്‍ജെ ഇടപെടുന്നുവെന്ന് ഇക്വഡോര്‍ പറഞ്ഞതോടെ അസാന്‍ജിന്റെ നില പരുങ്ങലിലായി. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇന്റര്‍നെറ്റ് കണക്ഷനുള്‍പ്പെടെ എംബസി പിന്‍വലിക്കുകയും ചെയ്തു.

ഇക്വഡോര്‍ അഭയം പിന്‍വലിച്ചതോടെ മെട്രോ പൊലിറ്റന്‍ പൊലീസ് എംബസിയിലെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസാന്‍ജെയെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

2010ല്‍ അമേരിക്കയുടെ പ്രതിരോധ രഹസ്യ രേഖകള്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ കോളിളക്കമുണ്ടാക്കിയ നിരവധി വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നതിലൂടെയാണ് ജൂലിയന്‍ അസാന്‍ജെ ശ്രദ്ധേയനായത്. 2006ല്‍ ആരംഭിച്ച വിക്കിലീക്‌സ് പല തവണ നിരോധിക്കപ്പെട്ടു. അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ നോട്ടപ്പുള്ളിയായിരുന്നു അസാന്‍ജെ.

TAGS :

Next Story