വെനസ്വേലയിലേക്ക് സഹായവുമായി റെഡ് ക്രോസ്
റെഡ്ക്രോസ് എത്തിച്ച സാധനങ്ങൾ രാജ്യത്തെ ആശുപത്രികളില്‍ വിതരണം ചെയ്യുമെന്ന് റെഡ് ക്രോസ് പ്രസിഡന്റ് മാരിയോ വിലാറോല്‍ അറിയിച്ചു.

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന വെനസ്വേലയിലേക്ക് സഹായവുമായി റെഡ് ക്രോസിന്റെ വാഹനമെത്തി. പ്രസിഡന്റ് നിക്കോളാസ് മദുറോയുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് റെഡ്ക്രോസ് അധികൃതര്‍ രാജ്യത്ത് എത്തിയത്. അതേസമയം വെനസ്വേലയിലേക്ക് സഹായം എത്തിക്കാന്‍ സാധിച്ചത് രാഷ്ട്രീയ വിജയമായി കണക്കാക്കുന്നതായി പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്ദോ പ്രതികരിച്ചു.
മാസങ്ങളായി വെനസ്വേലന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്ക് വിരാമമെന്നോണമാണ് സഹായവും വഹിച്ചുകൊണ്ടുള്ള റെഡ് ക്രോസ് വാഹനങ്ങൾ രാജ്യത്തെത്തിയത്. മറ്റുരാജ്യങ്ങളില്‍ നിന്നും റെഡ് ക്രോസില്‍ നിന്നും രാജ്യത്തേക്ക് സഹായം എത്തിക്കുന്നതിനെ നിക്കോളാസ് മദുറോ എതിര്‍ത്തിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ റെഡ്ക്രോസ് അധികൃതരുമായി മദുറോ ചര്‍ച്ച നടത്തുകയായിരുന്നു.
രാജ്യത്ത് റെഡ്ക്രോസ് പ്രവേശിച്ചത് രാഷ്ട്രീയ വിജയമായാണ് പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്ദോ പ്രതികരിച്ചത്. രാഷ്ട്രീയ പ്രതിസന്ധിയില്‍ പെട്ട് 3 മില്ല്യനില്‍ അധികം ജനങ്ങൾ വെനസ്വേലയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ കഴിയുന്നുണ്ടെന്നാണ് ഐക്യാരാഷ്ട്രസഭയുടെ കണ്ടെത്തല്‍.
വൈദ്യുത ക്ഷാമം രൂക്ഷമായ വെനസ്വേലയിലേക്ക് 14 ജെനറേറ്ററുകളും, 5000 ലിറ്റര്‍ ശുദ്ധജലവും പതിനായിരം രോഗികളെ ശുശ്രൂഷിക്കുന്നതിനാവശ്യമായുള്ള സര്‍ജറി കിറ്റുകളുമാണ് റെഡ് ക്രോസിന്റെ സഹായ സാധനങ്ങളില്‍ ഉൾപ്പെടുന്നത്. റെഡ്ക്രോസ് എത്തിച്ച സാധനങ്ങൾ രാജ്യത്തെ ആശുപത്രികളില്‍ വിതരണം ചെയ്യുമെന്ന് റെഡ് ക്രോസ് പ്രസിഡന്റ് മാരിയോ വിലാറോല്‍ അറിയിച്ചു.
മരുന്നുകളുടെ അഭാവത്തില്‍ 3 ലക്ഷത്തില്‍ അധികം ആളുകൾ കഴിയുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. 1.9 മില്യന്‍ ആളുകൾ പോഷകകുറവും അനുഭവിക്കുന്നുണ്ട്.. കൂടുതല്‍ സഹായം രാജ്യത്തേക്ക് എത്തിച്ചുനല്‍കുമെന്ന് റെഡ്ക്രോസ് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി കൂടുതല്‍ രാജ്യങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായവും റെഡ്ക്രോസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16

