Quantcast

റഷ്യയുമായി നയതന്ത്രബന്ധം ശക്തമാക്കാന്‍ ഉത്തരകൊറിയ

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും

MediaOne Logo

Web Desk

  • Published:

    24 April 2019 10:30 AM IST

റഷ്യയുമായി നയതന്ത്രബന്ധം ശക്തമാക്കാന്‍ ഉത്തരകൊറിയ
X

അമേരിക്കയുമായുള്ള സന്ധി സംഭാഷണങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഉത്തര കൊറിയ റഷ്യയുമായി നയതന്ത്രബന്ധം ശക്തമാക്കാന്‍ നീക്കം ആരംഭിച്ചു. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഏപ്രില്‍ അവസാന വാരം റഷ്യയിലെ വ്ലാഡിവോസ്റ്റോക്കില്‍ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്ന് ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുമായുള്ള സന്ധി സംഭാഷണങ്ങള്‍ യാതൊരു ഫലവും കാണാതെ പിരിയുകയും അന്താരാഷ്ട്ര തലത്തില്‍ നേരിടുന്ന ഉപരോധവും ഒറ്റപ്പെടലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുകയും ചെയ്യുന്ന പശ്ചാത്തിലത്തിലാണ് റഷ്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള ഉത്തര കൊറിയന്‍ നീക്കം. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയോട് ചെര്‍ന്നുള്ള റഷ്യയിലെ തുറമുഖ നഗരമായ വ്‍ളാഡിവോസ്റ്റോക്കില്‍ ഈ മാസം അവസാനമായിരിക്കും പുടിന്‍ കിം ജോങ് ഉന്‍ കൂടിക്കാഴ്ച.

നിലവില്‍ റഷ്യയും ഉത്തര കൊറിയയുമായി വ്യാപാര ബന്ധങ്ങളുണ്ട്. കൂടാതെ 8000ല്‍ പരം ഉത്തരകൊറിയന്‍ തൊഴിലാളികള്‍ റഷ്യയില്‍ ജോലിചെയ്യുന്നുണ്ട്. യു.എന്‍ ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അവസാനം ഇവരെ സ്വദേശത്തേക്ക് മടക്കണം. ഈ ഒരു സാഹചര്യത്തില്‍‌ കൂടിയാണ് കിം ജോങ് ഉന്‍ പുടിനെ സന്ദര്‍ശിക്കാന്‍ എത്തുന്നത്. കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലിന്റെ കാലത്ത് റഷ്യയുമായുള്ള ബന്ധം ദൃഢമായിരുന്നു. 2011 ലായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടി അവസാനമായി നടന്നത്.

പിന്നീട് സാമ്പത്തികമായി തകര്‍ന്ന ഉത്തരകൊറിയ റഷ്യക്ക് ആകര്‍ഷകമായ വിപണിയല്ലാതായി തീരുകയായിരുന്നു. രാജ്യത്തിന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാകുന്ന സാഹചര്യത്തില്‍ രാഷ്ട്രീയമായ പിന്തുണ തേടിക്കൊണ്ടാണ് കിം ജോങ് ഉന്‍ റഷ്യയിലേക്ക് എത്തുന്നത്.

TAGS :

Next Story