വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു
പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു

വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു. സ്വയം പ്രഖ്യാപിത പ്രസിഡന്റ് ജ്വാന്‍ ഗെയ്ദോയുടെ ആഹ്വാനപ്രകാരം ജനങ്ങള്‍ തെരുവിലിറങ്ങി. പൊലീസുമായി ഏറ്റുമുട്ടിയ പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. മദുരോ സ്ഥാനമൊഴിയും വരെ സമരം തുടരുമെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍. പ്രസിഡന്റ് നിക്കോളാസ് മദൂറോയെ പുറത്താക്കണമെന്ന് സ്വയം പ്രഖ്യാപിത പ്രസിഡന്റ് ജ്വാന്‍ ഗെയ്ദോ ആവശ്യപ്പെട്ടതിന്റെ തുടര്‍ന്നയായാണ് പ്രതിഷേധം നടന്നത്. ആയിരകണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തു. ഇതുവരെയില്ലാത്ത വിധം എത്രത്തോളം ശക്തരാണ് നമ്മള്‍ എന്ന് കാണിച്ചുകൊടുക്കുമെന്ന് ഗെയ്ദോ പറഞ്ഞു.
ചൊവ്വാഴ്ച നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് ബുധനാഴ്ചയും ജനങ്ങള്‍ തെരുവിലിറങ്ങിയത്. വാഹനങ്ങള്‍ തടഞ്ഞും ടയറുകള്‍ കത്തിച്ചും മുന്നേറിയ പ്രക്ഷോഭകര്‍ പൊലീസിനെതിരെ കല്ലെറിഞ്ഞു. ഇതോടെയാണ് അക്രമികളെ തുരത്താന്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്.
പ്രസിഡന്റ് നിക്കോളാസ് മദുറോ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് തുടങ്ങിയ പ്രക്ഷോഭത്തിന് പതിയെ ആഭ്യന്തരകലാപത്തിന്റെ രൂപം കൈവരികയായിരുന്നു. ഭരണ അട്ടിമറിക്കുള്ള ഗെയ്ദോയുടെ ശ്രമം പരാജയപ്പെടുത്തിയെന്ന് പ്രസിഡന്റ് നിക്കോളാസ് മദുറോ ഇന്നലെ പറഞ്ഞിരുന്നു. പ്രതിഷേധക്കാര്‍ ശിക്ഷ അനുഭവിക്കാതെ പോകില്ലെന്ന ഭീഷണി മുഴക്കുകയും ചെയ്തു. ജനുവരിയിലാണ് ഗെയ്ദോ വെനസ്വേലന്‍ പ്രസിഡന്റായി സ്വയം പ്രഖ്യാപനം നടത്തുന്നത്. ഇതിന് അമേരിക്കയും ബ്രിട്ടണും ഉള്‍പ്പെടെ 50 രാജ്യങ്ങള്‍ പിന്തുണക്കുന്നുണ്ട്. അതെ സമയം റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മദുറോക്കൊപ്പവും നിലയുറപ്പിക്കുന്നു.
Adjust Story Font
16

