വെനസ്വേലന്‍ പ്രതിസന്ധി: പരിഹാരം തേടി സുപ്രധാന ചര്‍ച്ച
ചര്‍ച്ചയില്‍ വെനസ്വേലന്‍ ഭരണ-പ്രതിപക്ഷ പ്രതിനിധികള്‍ പങ്കെടുക്കും

വെനസ്വേലന്‍ പ്രതിസന്ധിക്ക് പരിഹാരം തേടി സുപ്രധാന ചര്‍ച്ച. നോര്‍വെയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ വെനസ്വേലന്‍ ഭരണ-പ്രതിപക്ഷ പ്രതിനിധികള്‍ പങ്കെടുക്കും. നോര്‍വെ തലസ്ഥാനമായ ഒസ്ലോയിലാണ് പരിഹാര ചര്‍ച്ച.
സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വെനസ്വേലന്‍ വിവരസാങ്കേതിക വകുപ്പ് മന്ത്രി ജോര്‍ജ് റോഡ്രിഗസും പ്രതിപക്ഷത്തെ സ്റ്റാലിന്‍ ഗോന്‍സാലസും അനുനയ ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രസിഡന്റ് നിക്കോളാസ് മദുറോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മന്ത്രിയായ റോഡ്രിഗസ് വലിയ ഒരു ദൗത്യത്തിലാണെന്ന് മദുറോ വ്യക്തമാക്കിയിരുന്നു. ഇരു വിഭാഗവും ഇതിന് മുമ്പ് രണ്ട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും മദുറോ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തതോടെയുമാണ് പ്രശ്നം രൂക്ഷമായത്. അതിനിടെ പ്രതിപക്ഷ നേതാവ് യുവാന്‍ ഗൊയ്ദോ സ്വയം പ്രഖ്യാപിത പ്രസിഡന്റായി സത്യപ്രതിജ്‍ഞ ചെയ്തതിന് പിന്തുണയുമായി അമേരിക്കയും നിരവധി യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പട്ടാള അട്ടിമറിയിലൂടെ മദുറോയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടൊപ്പം സൈന്യം മദുറോക്കൊപ്പം ഉറച്ചുനില്‍ക്കുകയായിരുന്നു. അമേരിക്കന്‍ സഹായത്തോടെ പ്രതിപക്ഷം നിയമവിരുദ്ധമായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മദുറോ കുറ്റപ്പെടുത്തി. സൈന്യത്തിന്റെ പിന്തുണ ഉറപ്പാക്കിയ മദുറോ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യും. പല പ്രതിപക്ഷ നേതാക്കളും വെനസ്വേലയിലെ വിദേശ എംബസികളില്‍ അഭയം തേടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടി നടക്കുന്ന ഈ അനുനയ നീക്കങ്ങള്‍ ഏറെ നിര്‍ണായകമാണ്.
Adjust Story Font
16

