Quantcast

സുഡാനില്‍ പ്രശ്ന പരിഹാരത്തിനായി ചര്‍ച്ച പുനരാരംഭിച്ചു

രാജ്യത്ത് ജനാധിപത്യ ഭരണം കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് സുഡാനില്‍ മാസങ്ങളായി പ്രക്ഷോഭം നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    20 May 2019 9:00 AM IST

സുഡാനില്‍ പ്രശ്ന പരിഹാരത്തിനായി  ചര്‍ച്ച പുനരാരംഭിച്ചു
X

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സുഡാനില്‍ പ്രശ്ന പരിഹാരത്തിനായി ഭരണ പ്രതിപക്ഷ നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ച പുനരാരംഭിച്ചു. വിഷയത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് ചര്‍ച്ച പുനരാരംഭിച്ചത്. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാന്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് യു.എന്നും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് ജനാധിപത്യ ഭരണം കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് സുഡാനില്‍ മാസങ്ങളായി പ്രക്ഷോഭം നടക്കുന്നത്. സമരത്തിലൂടെ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെ പുറത്താക്കിയെങ്കിലും ഭരണം സൈന്യം ഏറ്റെടുക്കുകയായിരുന്നു. രാജ്യത്ത് തുടരുന്ന ഭരണ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കഴിഞ്ഞ ആഴ്ചയും നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ 72 മണിക്കൂര്‍ നേരത്തേക്ക് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. പട്ടാളവും പ്രക്ഷോഭകരും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നു ധാരണ. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഭൂരിഭാഗം പ്രക്ഷോഭകരും തയ്യാറായില്ല. സിവിലിയന്‍ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ തന്നെ വേണമെന്നതാണ് പ്രക്ഷോഭകരുടെ ആവശ്യം.

രാജ്യത്ത് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും, സമാധാനം പുനസ്ഥാപിക്കാന്‍ സൈന്യം എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും യു.എന്‍ മനുഷ്യാവകാശ വിഭാഗവും ആവശ്യപ്പെട്ടിരുന്നു. സമരക്കാര്‍ക്കെതിരായ സൈനിക നീക്കങ്ങള്‍ക്കെതിരെ ലോക വ്യാപകമായി കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഭരണ പക്ഷവും പ്രതിഷേധക്കാരും തമ്മിലുള്ള ചര്‍ച്ച പുനരാരംഭിച്ചത്.

TAGS :

Next Story