Quantcast

ഇന്തോനേഷ്യയിൽ വീണ്ടും വിഡോഡോയെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രക്ഷോഭം

പ്രതിഷേധത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

MediaOne Logo

Web Desk

  • Published:

    22 May 2019 6:34 PM IST

ഇന്തോനേഷ്യയിൽ  വീണ്ടും വിഡോഡോയെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രക്ഷോഭം
X

ഇന്തോനേഷ്യയിൽ ജോക്കോ വിഡോഡൊ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയുണ്ടായ പ്രക്ഷോഭം തുടരുന്നു. പ്രതിഷേധത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. അക്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡൊ പ്രഖ്യാപിച്ചു.

ഇന്നലെ ഫലം പ്രഖ്യാപിച്ചത് മുതല്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ വലിയ അക്രമ സംഭവങ്ങളാണുണ്ടായത്. ജോക്കോ വിഡോഡൊ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രക്ഷോഭകാരികള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുണ്ടെന്നാണ് പ്രക്ഷോഭകരുടെ ആരോപണം.

തീവ്രവാദികളെന്ന് ആരോപിച്ച് നിരവധി പ്രതിപക്ഷ നേതാക്കളെയാണ് രാജ്യത്തുടനീളം തടവിലാക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ വിദ്യാലയങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. നിലവിലെ പ്രസിഡന്റ് വിഡോഡൊയ്ക്ക് 55.5% വോട്ടും പ്രതിപക്ഷ കക്ഷി നേതാവ് പ്രബോവൊ സുബിയാന്തോയ്ക്ക് 44.5% വോട്ടും ലഭിച്ചുവെന്നാണ് കഴിഞ്ഞ ദിവസം പ്രഖ്യാപനം വന്നത്. തോറ്റകക്ഷി മൂന്ന് ദിവസത്തിനകം പരാതി നൽകിയില്ലെങ്കിൽ എതിരാളി തെരഞ്ഞെടുക്കപ്പെട്ടതായി അന്തിമ പ്രഖ്യാപനം നടത്താമെന്നാണ് ഇന്തോനേഷ്യയിലെ നിയമം.

2014ലും തെരഞ്ഞെടുപ്പിന് ശേഷം സുബിയാന്തോ പരാതി നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തവണ പ്രതിപക്ഷം പ്രതിഷേധം കനപ്പിക്കുന്നത്. എന്നാല്‍ പ്രക്ഷോഭത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡൊ പറഞ്ഞു. ഫലപ്രഖ്യാപനം ഭരണഘടനാ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് സുബിയാന്തോയുടെ അനുയായികൾ പറഞ്ഞു.

TAGS :

Next Story