അര്‍ജന്റീനയില്‍ പ്രസിഡണ്ടിന്റെ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പണിമുടക്ക് സമരം
വില വര്‍ദ്ധനവിന് ആനുപാതികമായ വേതന വര്‍ദ്ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ സി.ജി.ടി അബ്രല്ലാ യൂണിയനാണ് രാജ്യ വ്യാപക പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തത്

അര്‍ജന്റീനയില്‍ പ്രസിഡന്റ് മൌറീസിയോ മക്ക്റീയുടെ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പണിമുടക്ക് സമരം. തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ നടന്ന പ്രകടനം അക്രമാസക്തമായി.
അന്താരാഷ്ട്ര നാണയനിധിയിലേക്കുള്ള 56 ബില്യണ്‍ ഡോളറിന്റെ കുടിശ്ശിക അടയ്ക്കാനും സര്‍ക്കാരിന്റെ ധനക്കമ്മി കുറയ്ക്കാനും ലക്ഷ്യമിട്ട് പ്രസിഡന്റ് മൌറീസിയോ മക്ക്റീ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണമാണ് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി തുറന്നത്.
പണപ്പെരുപ്പം കൂടിയതോടെ അവശ്യ സാധനങ്ങളുടെ വില മുന്‍ വര്‍ഷത്തേക്കാള്‍ 50 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു. വില വര്‍ദ്ധനവിന് ആനുപാതികമായ വേതന വര്‍ദ്ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ സിജിടി അബ്രല്ലാ യൂണിയനാണ് രാജ്യ വ്യാപക പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തത്. സമരത്തെ തുടര്‍ന്ന് റെയില്‍ വ്യോമ ഗതാഗത സംവിധാനങ്ങള്‍ ഏറെക്കുറെ നിശ്ചലമായി. നിരത്തുകളിലും വാഹനങ്ങള്‍ കുറവായിരുന്നു. മിക്ക ഓഫീസുകളും തുറന്ന് പ്രവര്‍ത്തിച്ചില്ല. തലസ്ഥാനത്ത് നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായതോടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സമരത്തിലേക്ക് പോകുന്നതിന് നിരവധി കാരണങ്ങളുണ്ട്. 50 ലക്ഷത്തോളം പേര്‍ക്ക് തൊഴിലില്ല, 10 ലക്ഷം പേര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. അന്താരാഷ്ട നാണയനിധിക്ക് കടപ്പെട്ട രാജ്യം ബര്‍മുഡ ട്രയാംഗിള്‍ പോലെയാണ്, അത് ശമ്പളവും വേതനവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാക്കും.
രാജ്യത്ത് പ്രക്ഷോഭം ശക്തമാകുന്നത് പ്രസിഡന്റിന്റെ ജനസമ്മതിയും കുറച്ചിട്ടുണ്ട്. ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൌറീസിയോ മക്ക്റീ പരാജയപ്പെട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസാണ് നിലവില്‍ ജനസമ്മതിയില്‍ മുന്നിലുള്ളത്.
Adjust Story Font
16

