കാനഡ ഫിലിപ്പീന്‍സിലേക്ക് തള്ളിയ 103 കണ്ടെയ്നര്‍ മാലിന്യങ്ങളില്‍ 69 കണ്ടെയ്നറുകളും മടക്കി അയച്ചു
പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ എന്ന വ്യാജേന 5 വര്‍ഷം മുന്‍പാണ് കാനഡ കണ്ടെയ്നറുകള്‍ കപ്പല്‍ മാര്‍ഗ്ഗം കയറ്റി അയച്ചത്

കാനഡ ഫിലീപ്പീന്‍സിലേക്ക് തള്ളിയ 103 കണ്ടെയ്നര്‍ മാലിന്യങ്ങളില്‍ 69 കണ്ടെയ്നറുകളും ഫിലിപ്പീന്‍സ് മടക്കി അയച്ചു. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ എന്ന വ്യാജേന 5 വര്‍ഷം മുന്‍പാണ് കാനഡ കണ്ടെയ്നറുകള്‍ കപ്പല്‍ മാര്‍ഗ്ഗം കയറ്റി അയച്ചത്. കണ്ടെയ്നറുകള്‍ തിരികെ എടുക്കണമെന്ന ഫിലിപ്പീന്‍സിന്റെ ആവശ്യം കാനഡ നടപ്പിലാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഫിലീപ്പിന്‍സ് നയതന്ത്ര ബന്ധം വിഛേദിച്ചതിന് പിന്നാലെയാണ് നടപടിയെടുക്കാന്‍ കാനഡ തയ്യാറായത്.
2013-14 കാലയളവില്‍ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ എന്ന വ്യാജേനയാണ് കാനഡ ഫിലിപ്പീന്‍സിലേക്ക് 103 കണ്ടെയ്നറുകള്‍ കയറ്റി അയച്ചത്. മനിലയിലേയും സൂബിക്കിലേയും തുറമുഖത്തെത്തിയ കണ്ടെയ്നറുകള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഫിലിപ്പീന്‍സ് അധികൃതര്‍ ചതി തിരിച്ചറിഞ്ഞത്. ഡയപ്പറുകള്‍ അടക്കമുളള ഗാര്‍ഹിക മാലിന്യങ്ങളും നഗര മാലിന്യങ്ങളുമാണ് കണ്ടെയ്നറുകളില്‍ നിറച്ചിരുന്നത്.
കണ്ടെയ്നറുകള്‍ തിരികെയെടുക്കണമെന്ന് അന്ന് മുതല്‍ ഫിലിപ്പീന്‍സ് കാനഡയോട് ആവശ്യപ്പെടുന്നതാണ്. കണ്ടെയ്നറുകള്‍ മടക്കി അയക്കാന്‍ നടപടിയെടുക്കണമെന്ന് മനിലയിലെ കോടതി വിധിക്കുക കൂടി ചെയ്തതോടെ പ്രശ്നത്തിന്റെ സങ്കീര്‍ണത കൂടി. മാലിന്യങ്ങള്‍ താന്‍ തന്നെ നേരിട്ട് കാനഡയില്‍ എത്തിക്കുമെന്ന് ഫിലിപീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂയെര്‍ട്ടി ഭീഷണി മുഴക്കുകയും ചെയ്തു.
മെയ് 15 നായിരുന്നു കാനഡയ്ക്ക് അനുവദിച്ച സമയ പരിധി. നടപടിയുണ്ടാകാത്തതിനാല്‍ ഫിലീപ്പീന്‍സ് നയതന്ത്ര പ്രതിനിധിയെ പിന്‍വലിച്ചതോടെ പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. 103 കണ്ടെയ്നറുകളില്‍ ചിലതിലെ മാലിന്യങ്ങള്‍ മനിലയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിക്ഷേപിക്കുകയും ചതുപ്പുകള്‍ നികത്തുന്നതിന് ഉപയോഗിക്കുകയും ചെയ്തു. അവശേഷിച്ച 69 കണ്ടെയ്നറുകളാണ് തിരിച്ചയക്കുന്നത്.ഫിലിപ്പീന്‍സ് ഒരു മാലിന്യ നിക്ഷേപ കേന്ദ്രമല്ല എന്ന സന്ദേശവും പേറിയാവും 20 ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി കപ്പല്‍ കാനഡയിലെ വാന്‍കൂവറിലെത്തുക.
സ്വകാര്യ കമ്പനി നടത്തിയ ഇടപാടിലൂടെയാണ് മാലിന്യങ്ങള്‍ കയറ്റി അയക്കപ്പെട്ടതെന്നായിരുന്നു കാനഡയുടെ ന്യായം. മാലിന്യങ്ങള്‍ തിരിയെടുക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നെങ്കിലും കനേഡിയന്‍ സര്‍ക്കാര്‍ പിന്നീട് അനുകൂല നിലപാട് എടുക്കുകയായിരുന്നു. സമ്പന്ന രാജ്യങ്ങളിലെ മാലിന്യങ്ങള്‍ പിന്നാക്ക രാജ്യങ്ങളിലേക്ക് ഈ വിധം തള്ളുന്നത് പതിവായിരുന്നു.
കാനഡ-ഫിലിപീന്‍സ് തര്‍ക്കത്തിന് പിന്നാലെ പല രാജ്യങ്ങളും മാലിന്യ നിക്ഷേപത്തിനെതിരെ നടപടിയെടുത്തു തുടങ്ങി. അമേരിക്കയില്‍ നിന്നടക്കമുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ 450 മാലിന്യ കണ്ടെയ്നറുകള്‍ അതത് രാജ്യങ്ങളിലേക്ക് മടക്കി അയക്കുമെന്ന് മലേഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16

