Quantcast

കരാർ പാലിച്ചില്ലെങ്കിൽ ആണവ നിർമാണം തോന്നിയ പോലെ; അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ 

ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പുനഃപരിശോധിക്കാൻ അമേരിക്ക തയ്യാറായാൽ വിട്ടുവീഴ്ചക്ക് സന്നദ്ധമാണെന്നും റൂഹാനി 

MediaOne Logo

Web Desk

  • Published:

    4 July 2019 1:10 PM IST

കരാർ പാലിച്ചില്ലെങ്കിൽ ആണവ നിർമാണം തോന്നിയ പോലെ; അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ 
X

തെഹ്‌റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ കൂടുതൽ ആണവ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവുമായി ഇറാൻ. 2015-ൽ അമേരിക്കയും മറ്റ് ലോകരാജ്യങ്ങളുമായി ഒപ്പുവെച്ച കരാറിലെ പരിധി പരിഗണിക്കാതെ യുറേനിയം സമ്പുഷ്ടീകരണം നടത്തുമെന്നും മൂന്നു ദിവസത്തിനുള്ളിൽ നിർമാണം ആരംഭിക്കാൻ കഴിയുമെന്നും ഇറാൻ പ്രസിഡണ്ട് ഹസ്സൻ റൂഹാനി പറഞ്ഞു. 2015-ലെ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി തങ്ങൾക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ അമേരിക്കയെ പ്രകോപിപ്പിക്കാനുദ്ദേശിച്ചുള്ളതാണ് റൂഹാനിയുടെ പ്രസ്താവന എന്നു കരുതുന്നു.

അറാക് നഗരത്തിലെ ആണവ റിയാക്ടറിന്റെ ഉൾവശം 2015-ലെ കരാറിനെ തുടർന്ന് സിമന്റുപയോഗിച്ച് അടച്ചിരുന്നു. കരാർ പാലിക്കാൻ അമേരിക്ക തയ്യാറാകാത്തപക്ഷം റിയാക്ടർ പൂർണസജ്ജമാക്കാൻ ഞങ്ങൾക്കു കഴിയും. ജൂലൈ ഏഴ് മുതൽ അറാക് നിലയം മുമ്പത്തെ അവസ്ഥയിൽ സജ്ജീകരിക്കും - റൂഹാനി പറഞ്ഞു.

ആണവായുധം നിർമാക്കാനാവശ്യമായ പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കാൻ തങ്ങൾക്കു കഴിവുണ്ടെന്നും എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പുനഃപരിശോധിക്കാൻ അമേരിക്ക തയ്യാറായാൽ വിട്ടുവീഴ്ചക്ക് സന്നദ്ധമാണെന്നും റൂഹാനി വ്യക്തമാക്കി. കരാർ പാലിച്ചില്ലെങ്കിൽ തങ്ങൾക്ക വേണ്ടത്ര അളവിൽ യുറേനിയം സമ്പുഷ്ടീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒബാമ ഭരണകൂടവും ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന രാജ്യങ്ങളും ഇറാനുമായി ഒപ്പുവെച്ച കരാർ ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി റദ്ദാക്കുകയായിരുന്നു. കരാറിനു മുമ്പത്തെ ഉപരോധങ്ങൾ വീണ്ടും ചുമത്തിയ ട്രംപ് അന്താരാഷ്ട്ര വിപണിയിൽ ഇറാന്റെ എണ്ണവ്യാപാരം നിർത്തിവെക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങളും നടത്തി. ഗൾഫ് മേഖലയിലേക്ക് യുദ്ധവിമാനങ്ങളും കൂടുതൽ സൈനികരെയും അയച്ച ട്രംപിന്റെ നീക്കം മേഖലയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. ഇതിനിടയിലാണ് റൂഹാനി ശക്തമായ താക്കീതുമായി രംഗത്തു വന്നിരിക്കുന്നത്.

TAGS :

Next Story